TAGS

പാലക്കാട് ഒറ്റപ്പാലം നഗരസഭാ ഒാഫീസിലെ മോഷണ കേസിൽ സിപിഎം വനിതാ കൗണ്‍സിലറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വരോട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ ബി സുജാതയ്ക്കെതിരെയാണു കേസ്. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

കൗണ്‍സിലറും സിപിഎം അംഗവുമായ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലതയുടെ ബാഗിൽ നിന്ന് കഴിഞ്ഞ മാസം 20 ന് 38000 രൂപ മോഷ്ടിച്ച കേസിലാണു ഇതേ പാര്‍ട്ടിയിലെ മറ്റൊരു വനിതാ കൗണ്‍സിലര്‍ പ്രതിയായത്. വരോട് ചേരിക്കുന്ന് വാർഡ് കൗണ്‍സിലറും, ജനാധിപത്യ മഹിളാ അസോസിയേഷൻ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, സിപിഎം വരോട് ലോക്കൽ കമ്മിറ്റി അംഗവും, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ ബി സുജാതയാണ് പണം മോഷ്ടിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതിയായ കൗൺസിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന‌് പുറത്താക്കണമെന്ന വരോട‌് ലോക്കൽ കമ്മിറ്റിയുടെ ശുപാർശയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. 

മോഷണ കേസിൽ ഉൾപ്പെട്ട കൗൺസിലർ പദവി ഒഴിയണമെന്നു യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടക്കുന്ന ഇരുപത്തിയൊന്ന് മോഷണം നടന്നതായാണ് വിവരം. കൗൺസിലർമാർ, ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും അരപവൻ സ്വർണനാണയവുമാണ് മോഷ്ടിക്കപ്പെട്ടത്. ഇൗ കേസുകളിലും പൊലീസ് അന്വേഷണം തുടരുകയാണ്.