മലപ്പുറം കക്കാട് ദേശീയപാതയോരത്തുള്ള ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് 10 പവൻ സ്വർണം കവർന്നു. കക്കാട് കെ പി ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.

 

കക്കാട് ഹംസ ഹാജിയും ഭാര്യയും ഇളയ മകൻ ഷറഫും കുടുംബവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ചികിൽസ ആവശ്യങ്ങൾക്കായി ഇവർ മുന്നിയൂരിലെ മകളുടെ വീട്ടിലാണ് ഇപ്പോൾ താമസം. കഴിഞ്ഞ 25 ന് പോയതായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഹംസ ഹാജിയുടെ പേരക്കുട്ടി അമൽ സുൽത്താൻ പത്രം എടുക്കാൻ ചെന്നപ്പോളാണ് വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടത്. 

 

തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. മുൻ വശത്തെ 2 വാതിലുകളുടെയും ലോക്കുകൾ തകർത്ത നിലയിലായിരുന്നു. 5 അലമരകളും തുറന്നു പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഷറഫിന്റെ ഭാര്യ ഹബീബ ഷാർബന്റെ 10 പവൻ വരുന്ന ആഭരണങ്ങളാണ് കവർന്നത്. പൊലീസ്, ഫോറൻസിക്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി.