തമിഴ്നാട് തഞ്ചാവൂരില്‍ കവിയും ദാര്‍ശനികനുമായ തിരുവള്ളൂവറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയുടെ മുഖത്ത് ചാണകം എറിയുകയും കണ്ണ് ചെളിയും മഷിയും ഉപയോഗിച്ചു മൂടുകയും ചെയ്തു. ബി.ജെ.പി തിരുവെള്ളുവറിന് ട്വിറ്ററില്‍ കാവി നിറം നല്‍കിയതിനു പിന്നാലെയുണ്ടായ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
തമിഴരുടെ ആഴത്തില്‍ സ്വാധീനിക്കുന്ന കവിയും ദാര്‍ശനികനുമാണ് തിരുവള്ളൂവര്‍ .ഇന്നു പുലര്‍ച്ചെയാണ് തിരുവള്ളുവറിന്റെ തഞ്ചാവൂര്‍ പിള്ളിയാര്‍ പെട്ടിയിലെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായത് . പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു സമീപമാണ് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയുടെ പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയിലാകെ ചാണകം വിതറി. മണ്ണും കറുത്ത മഷിയും ഉപയോഗിച്ചു കണ്ണുകള്‍ മറയ്ക്കുകയും ചെയ്തു. രാവിലെ വഴിയാത്രക്കാരാണ് പ്രതിമ കേടുവരുത്തിയത് ആദ്യം കണ്ടത്.
ഉടന്‍ തമിഴ് സര്‍വകലാശാല പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിമ കഴുകി വൃത്തിയാക്കി. വിവരമറിഞ്ഞു നിരവധി പേര് സ്ഥലത്ത് തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവള്ളുവറിന്റെ പ്രസിദ്ധ കൃതിയായ തിരുക്കൂറലിന്റെ തായ് പതിപ്പ് തായിലാന്റില്‍ വച്ചു പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. ഇതിനെ അഭിനന്ദിച്ചു ബിജെപി തമിഴ്നാട് ഘടകത്തിന്റെ ട്വിറ്ററില്‍ വന്ന സന്ദേശത്തില്‍ കവിയുടെ ചിത്രത്തിന് കാവി നിറം നല്‍കിയത് വന്‍ വിവാദമായി. ഈ വിവാദം കത്തിനില്‍ക്കെയാണ് പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടായത്. നേരത്തെയും തമിഴ്നാട്ടില്‍ പ്രതിമകള്‍ക്കു നേരെ ആക്രമമുണ്ടായിരുന്നു. അംബേദ്കറിന്റെ പ്രതിമക്കു നേരെ സേലത്തുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു.