TAGS

കൊറുക്കുപ്പേട്ടിൽ പട്ടച്ചരട് (മാഞ്ചാ നൂൽ) കഴുത്തിൽ കരുങ്ങി 3 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പട്ടം പറത്തിയ 4 പേർ അറസ്റ്റിൽ. പിതാവിനൊപ്പം ബൈക്കിന്റെ മുന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെയാണ് അഭിനയ് ദാരുണമായി മരിച്ചത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റതാണു കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു.

 

സംഭവത്തിനു പിന്നാലെ നോർത്ത് ചെന്നൈയിൽ സിറ്റി പൊലീസ് വ്യാപകപരിശോധന നടത്തി. പലയിടത്തു നിന്നും നിരോധിച്ച ചൈനീസ് മാഞ്ചാ നൂലുകളും പട്ടങ്ങളും പിടിച്ചെടുത്തു. ഇവ വിൽപനയ്ക്കുവച്ച വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. കാശിമേട്, നേതാജി നഗർ എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരും. സൂറത്ത്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മാഞ്ചാ നൂൽ ചെന്നൈയിൽ എത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

 

10 വർഷത്തിനിടെ മാഞ്ചാ നൂൽ അപകടങ്ങളിൽ ചെന്നൈയിൽ മാത്രം 10 മരണങ്ങൾ.

 

 2006:    വാഷർമാൻപെട്ടിൽ കോദണ്ഡരാമൻ എന്നയാൾ മരിച്ചു.

 2007:     വടക്കൻ ചെന്നൈയിൽ 2വയസ്സുകാരൻ  മരിച്ചു.

 2011:     എഗ്മൂറിൽ മാഞ്ചാനൂൽ ഷെറീന  ഭാനു എന്ന 4 വയസ്സുകാരി.

 2012:     മധുരവോയലിൽ രാജ്കുമാർ എന്ന  ബൈക്ക് യാത്രികൻ.

 2012:     തൊണ്ടയാർപെട്ടിൽ ഗോപാലകൃഷ്ണൻ.

 2012:     മിന്റ് മേൽപാലത്തിൽ എ.എം.അൻസാരി.

 2013:     ചെന്നൈ സെൻട്രലിൽ ജയ്കാന്ത്.

 2015:     പെരമ്പൂരിൽ 5 വയസ്സുകാരൻ അജയ്.

 2017:     മധുരവയലിൽ ശിവപ്രകാശം.

 

എതിരാളിയുടെ പട്ടച്ചരടു വായുവിൽവച്ച് തന്നെ അറുത്തു മുറിക്കാൻ സാധിക്കുമെന്നതിനാൽ പട്ടം പറത്തൽ മത്സരങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ബൈക്ക് യാത്രികരാണ് ഇരയാകുന്നവരിൽ അധികവും. മാഞ്ചാ നൂൽ വെളിച്ചത്തിൽ പോലും കാണാൻ പ്രയാസമാണ്. വേഗത്തിലെത്തുന്ന ബൈക്ക്‌ യാത്രികരുടെ കഴുത്തിൽ ചരടു കുരുങ്ങി ആഴത്തിൽ മുറിവുണ്ടായാണ് മരണങ്ങൾ. കയ്യിലും കാലിലും പട്ടച്ചരടു ചുറ്റി പരുക്കേറ്റവരും ഒട്ടേറെ.

 

 

പരിസ്ഥിതി പ്രശ്നങ്ങളും അപകടങ്ങളും മുൻനിർത്തി 2007ൽ തമിഴ്നാട് സർക്കാർ മാഞ്ചാ നൂലുകളുടെ വിൽപനയും ഉപയോഗകവും നിരോധിച്ചിരുന്നു. എന്നാൽ വിൽപനയും അപകടങ്ങളും തുടർന്നു. പല കടകളും മൂന്നിരട്ടി വിലയ്ക്ക് ഇവ ഇപ്പോഴും വിൽക്കുന്നുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഓൺലൈൻ സൈറ്റുകളിലും ഇവ എളുപ്പത്തിൽ ലഭിക്കും. പട്ടം പറത്താൻ മാഞ്ചാനൂൽ ഉപയോഗിക്കരുതെന്നു 2012ൽ മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഗ്ലാസ് പൊടി നൈലോൺ ചരടിൽ ചേർത്താണു ചൈനീസ് മാഞ്ചാ നൂൽ നിർമിക്കുന്നത്. വലിഞ്ഞു നിൽക്കുന്ന മാഞ്ചാനൂലിന് ബ്ലേഡിന്റെ മൂർച്ച ഉണ്ടാവും.

 

 

ദേശീയ ഹരിത ട്രൈബ്യൂണലും ഇവ നിരോധിച്ചിരുന്നു. നിരോധിച്ച മാഞ്ചാ നൂലുകൾ ഉപയോഗിക്കുന്നതു തമിഴ്നാട്ടിൽ ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്. നൂലിന്റെ ദോഷവശങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകണമെന്ന ആവശ്യവും ശക്തമാണ്.

 

മനുഷ്യർക്കു മാത്രമല്ല  മൃഗങ്ങൾക്കും ദോഷകരമാണ് മാഞ്ചാ നൂലുകൾ. ഉയരത്തിൽ പറക്കുന്ന പക്ഷികൾക്കാണ് അധികവും പരുക്കേൽക്കുക. കടലിലും ജലാശയങ്ങളിലു പതിക്കുന്ന മാഞ്ചാ നൂലുകൾ മീനുകൾക്കും മറ്റു ജീവികൾക്കും

ഭീഷണിയാണ്.