കേരളാപൊലീസ് ഹൈടെക് ആകുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും, സ്വന്തം ജീവന്‍ പണയംവച്ച് ജോലിചെയ്യേണ്ട ഗതികേടിലാണ് തിരുവല്ല പുളിക്കീഴ് പൊലീസ്. എപ്പോള്‍വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന, ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍നിന്ന് വര്‍ഷങ്ങളായി മോചനംകാത്ത് കഴിയുകയാണ് സേനാംഗങ്ങള്‍.
ലോക്കപ്പില്ലാത്ത പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ സൂക്ഷിക്കാനുള്ള മാര്‍ഗമാണ് ഈകാണുന്നത്. കയ്യില്‍ വിലങ്ങിട്ട്, ചങ്ങലകൊണ്ട് കെട്ടി, നിലത്തുറപ്പിച്ചിരിക്കുന്ന ഈ ഇരുമ്പുകൊളുത്തില്‍ പ്രതികളെ പൂട്ടിയിടും. ഒരുപക്ഷെ, കേരളത്തില്‍ മറ്റൊരിടത്തും കാണാനാകാത്തത്. തീര്‍ന്നില്ല, ഭിത്തിപൊട്ടി എപ്പോള്‍ വേണമെങ്കിലും താഴേക്കുപതിക്കാവുന്ന കെട്ടിടം. ഓടുകള്‍ ഇളകിമാറിയതിനാല്‍ ടാര്‍പ്പോളിന്‍ പുതപ്പിച്ച മേല്‍ക്കൂര, തകര്‍ന്ന സീലിങ്, വനിതാപൊലീസുകാര്‍ക്കായി നിന്നുതിരിയാന്‍ ഇടമില്ലാത്ത പാമ്പുകയറുന്ന വിശ്രമമുറി, പൊടിപിടിച്ച ഫയലുകള്‍ . അങ്ങനെ കേരളപൊലീസിന് നാണക്കേടാണ് വനിതാപൊലീസുകാരടക്കം 36പേരുള്ള പുളിക്കീഴ് സ്റ്റേഷന്‍ . ലോക്കപ്പ് ഇല്ലാത്തതിനാല്‍ പിടികൂടുന്ന പ്രതികളെ മറ്റ് സ്റ്റേഷനുകളിലാണ് സൂക്ഷിക്കാറ്. ആലംതുരുത്തിയില്‍ പുതിയ കെട്ടിടത്തിനായി സ്ഥലമെടുത്തു. പക്ഷെ, നടപടിയൊന്നുമായില്ല.
എന്തായാലും, പൊലീസിന്‍റെ കാര്യക്ഷമതയേയും, ഹൈടെക് പദ്ധതികളെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാലത്താണ് ഇത്തരമൊരു അവസ്ഥ. പരാതിപരിഹാരത്തിനും, പൊതുജനസംരക്ഷണത്തിനുമൊക്കെ നിലകൊള്ളുന്നവര്‍ , അധികൃതരുടെ കണ്ണുതുറക്കാനായി ഇവിടെ കാത്തിരിക്കുകയാണ്.