കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനിയും അധ്യാപികയുമായ രൂപശ്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുബം. രൂപശ്രീയുെട സഹപ്രവര്‍ത്തകനായ അധ്യാപകന്‍  ഇവരെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ്  ബന്ധുക്കള്‍ ആരോപിക്കുന്നത്.

 

കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  സഹപ്രവര്‍ത്തകനായ അധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യംചെയ്തിരുന്നതായും മരണത്തില്‍  ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.  

 

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ അധ്യാപകനെ പൊലീസ് ചോദ്യം ചെയ്യന്നുണ്ട്.എന്നാല്‍ ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് ഭാഷ്യം.  മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇൗ മാസം പതിനാറിനാണ് കാണാതായത്.  

 

തുടർന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ ഇവരുടെ മൃതദേഹം  കണ്ടെത്തിയത്.  എന്നാല്‍ രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രൂപശ്രീയുെട മരണം മുങ്ങിമരണമെന്നാണ് പ്രാഥമിക് റിപ്പോര്‍ട്ട്. എങ്കിലും രൂപശ്രീയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.