ഇടുക്കി നെടുങ്കണ്ടത്ത് പൂവാലനെന്ന് ആരോപിച്ചു  നെടുങ്കണ്ടം സി ഐ രക്ഷിതാവിനും വിദ്യാർഥിനിക്കും നേരെ അതിക്രമം കാട്ടിയ സംഭവത്തിൽ  പൊലീസിനെതിരെ ആരോപണവുമായ് നെടുങ്കണ്ടം സർക്കാർ സ്കൂളും രംഗത്ത്. പൂവാല ശല്യത്തെപറ്റി സ്കൂൾ പി.ടി.എ പൊലീസിൽ പരാതി നൽകിയെന്ന പൊലീസ് വിശദീകരണം തെറ്റാണ്. ഇതേ സമയം കസ്റ്റഡിയിലെടുത്ത ബൈക്ക് രേഖകളുമായെത്തിയിട്ടും വിട്ടുനൽകാൻ സി ഐ തയ്യാറായില്ല. 

കഴിഞ്ഞ ദിവസം നെടുങ്കണ്ടം ബിഎഡ് ജംഗ്ഷനിൽ സർക്കാർ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മുമ്പിലായിരുന്നു സംഭവം. സ്കൂളിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ നെടുങ്കണ്ടം സി ഐ പുറത്തിറങ്ങിയപ്പോൾ ബൈക്കിൽ മകളെ കാത്തു നിന്ന രക്ഷിതാവിനെ പൂവാലനെന്നു കരുതി പിടികൂടുകയായിരുന്നു നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നാലു വയസ്സുള്ള എൽ കെ ജി വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുവാനായ് ആശാരികണ്ടം സ്വദേശിയായ  പ്രിൻസ്  അബ്രഹാം സ്കൂളിന് വെളിയിൽ കാത്ത് നിൽക്കുകയായിരുന്നു. 

പ്രിൻസ് പൂവാലനാണന്ന് തെറ്റിദ്ധരിച്ച സിഐ  പ്രിൻസിന്റെ കുട്ടി സ്കൂൾ വാനിൽ വന്നിറങ്ങിയത് കണ്ടിട്ടും പൂവാലനാണന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പ്രിൻസിന്റെ ബൈക്ക്   പൊലീസ് സ്റ്റേഷനിലേക്ക് പോയി. പ്രിൻസിന് ലൈസൻസില്ലന്നും പി ടി എ പ്രസിഡൻറിനെ ബന്ധപ്പെട്ടപ്പോൾ ഇയാളെ അറിയില്ലന്ന് പറഞ്ഞതിനാലുമാണ്  വണ്ടി കസ്റ്റഡിയിലെടുത്തതെന്നും  നെടുങ്കണ്ടം സി ഐ സി ജയകുമാർ  പറഞ്ഞു.

എന്നാൽ സിഐയോ നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന്  സംഭവവുമായ് ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ലന്ന് പിടിഎ പ്രസിഡൻറ് റജി ആശാരികണ്ടം പറഞ്ഞു. പ്രിൻസ് മുമ്പ് ഇതേ സ്കൂളിൽ അധ്യാപകനായ് ജോലി നോക്കിയിട്ടുള്ള ആളാണ്. പൊലീസ് പിടിഎ പ്രസിഡന്റിന്റെ പരാതിയിലാണ് പിഞ്ചുകുഞ്ഞിനെയടക്കം പെരുവഴിയിൽ നിർത്തിയതെന്ന്  പറയുന്നത് പച്ചക്കള്ളമാണ്.

ഇതേ സമയം ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചതിനാണ് വാഹനം കസ്റ്റഡിയിലെടുത്തതന്നെ പൊലീസ് വാദവും പൊളിഞ്ഞു. ഒറിജിനൽ ലൈസൻസും സ്കൂളിൽ പഠിപ്പിച്ചതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായ് പ്രിൻസ് രംഗത്തെത്തി. ഇന്നലെ വാഹനത്തിന്റെ യഥാർത്ഥ രേഖകളുമായ് സിഐയെ ആർ.സി ഓണർ സമീപിച്ചെങ്കിലും വാഹനം വിട്ടുനൽകുവാൻ തയ്യാറായില്ല. സംഭവം നടന്ന്  മൂന്ന് ദിവസമായിട്ടും വാഹനം കോടതിയിലും ഹാജരാക്കിയിട്ടില്ല. ബാലാവകാശ കമ്മീഷനും ചൈൽഡ് ലൈനും ഡിജിപിക്കും വിദ്യാഭ്യാസ മന്ത്രിക്കും പ്രിൻസ് പരാതി നൽകിയിട്ടുണ്ട്.