ഒരുമാസം മുന്‍പ് കൊല്ലത്തു നിന്ന് കാണാതായ യുവതിയെ പാലക്കാട് നഗരത്തോട് ചേര്‍ന്നുളള മണലിയിലെ ഹൗസിങ് കോളനിയില്‍ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മുഖത്തല സ്വദേശി സുചിത്രയാണ് കൊല്ലപ്പെട്ടത്.  സംഗീതാധ്യാപകനായ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റു ചെയ്തു.

 

കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്്തിരുന്ന മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്രയാണ് കൊല്ലപ്പെട്ടത്. മാർച്ച് പതിനേഴിന് വൈകിട്ട് പളളിമുക്കിലെ ട്രെയിനിങ് അക്കാദമിയില്‍ നിന്നിറങ്ങിയതാണ് യുവതി. ആലപ്പുഴയില്‍ താമസിക്കുന്ന ഭര്‍തൃമാതാപിതാക്കളെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു കൊല്ലത്തു നിന്ന് യാത്ര തിരിച്ചത്. 18 ന് ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് വീണ്ടും അഞ്ചുദിവസത്തെ അവധി ചോദിച്ചു. 

 

ഉടമ അനുവദിക്കുകയും ചെയ്തു. പിന്നീട് സുചിത്രയെക്കുറിച്ച് യാതൊരു വിവരവും ആര്‍ക്കുംഉ ണ്ടായില്ല. മൊബൈല്‍ഫോണിലും കിട്ടിയിരുന്നില്ല. ഇതേസമയത്തു തന്നെ സുചിത്രയെക്കുറിച്ച് വീട്ടുകാരും അന്വേഷണം തുടങ്ങി. സ്ഥാപനഉടമയോട് പറഞ്ഞതിന് വിരുദ്ധമായ കാര്യമാണ് സുചിത്ര വീട്ടുകാരോട് പറഞ്ഞിരുന്നത്. എറണാകുളത്ത് ക്ളാസെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതോടെ വീട്ടുകാര്‍ 22 ന് കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. കൊല്ലത്തു നിന്ന് കളളം പറഞ്ഞ് യാത്ര തിരിച്ച സുചിത്രയെത്തിയത് പാലക്കാട്ടാക്കേയ്ക്കായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ പിടിയിലായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്താണ് സത്യം തുറന്നു പറഞ്ഞത്. കൊലപാതകവിവരങ്ങളും പൊലീസിനോട് പങ്കുവച്ചു. 

 

ഇതോടെയാണ് കൊട്ടിയം പൊലീസ് പാലക്കാട്ടെത്തി മൃതദേഹം കണ്ടെടുത്തത്. പ്രശാന്ത് കുടുംബസമേതം താമസിച്ചിരുന്നത് പാലക്കാട് നഗരത്തോട് ചേര്‍ന്നുളള മണലിയിലെ ഇൗ വാടകവീട്ടിലായിരുന്നു. വീടിന്റെ മതിലിനു പുറത്ത് കാടുമൂടിയ ചതുപ്പിനുളളിലാണ് സുചിത്രയെ കൊന്ന് കുഴിച്ചുമൂടിയത്. മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചിരുന്നു. മാര്‍ച്ച് 17 ന് കൊല്ലത്തു നിന്നിറങ്ങിയ സുചിത്ര തൊട്ടടുത്തദിവസം തന്നെ പ്രശാന്തിന്റെ വാടകവീട്ടിലെത്തിയെന്നാണ് വിവരം. മാര്‍ച്ച് 20 ന് െകാലപാതകവും നടന്നു. 

 

എന്നാല്‍ പ്രതിയായ പ്രശാന്തും കൊല്ലപ്പെട്ട സുചിത്രയും തമ്മില്‍ എങ്ങനെ അടുപ്പമായെന്നോ എന്താണ് ഇരുവരും തമ്മിലുളള ബന്ധമെന്നോ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഇവര്‍ അകന്ന ബന്ധുക്കളാണെന്നും സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ സൗഹൃദത്തിലായെന്നും പറയുന്നു. സാമ്പത്തികഇടപാടുകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. കൊല്ലത്തു നിന്നെത്തിയ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. 

 

പാലക്കാട്ടെ ഒരു സ്കൂളില്‍ സംഗീതഅധ്യാപകനാണ് പ്രശാന്ത്. ഉപകരണസംഗീതത്തിലും ക്ളാസെടുക്കുന്നു. സുചിത്രയുടെ വിവാഹബന്ധം നേരത്തെ വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് സുചിത്രയുടെ വീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.