fake-seal-of-bardhaman-rose

ബര്‍ധമാന്‍ അഗ്രോ പ്രൊഡക്ട്സ് കമ്പനിയുടെ വ്യാജ മുദ്ര പതിപ്പിച്ച ചാക്കില്‍ ബിരിയാണി അരി വിറ്റതിന് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. വ്യാജമുദ്ര നിര്‍മിച്ചയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബര്‍ധമാന്‍ അഗ്രോ പ്രൊഡ്ക്ട്സ ലിമിറ്റഡ് കമ്പനിയുടെ വ്യജ മുദ്ര പതിച്ച ചാക്കില്‍ ഗുണനിലവാരമില്ലാത്ത ബിരിയാണി അരി വില്‍ക്കുന്നുവെന്നായിരുന്നു പരാതി. കമ്പനി മാര്‍ക്കറ്റിങ് മാനേജരുടെ പരാതി പ്രകാരം വടക്കാഞ്ചേരി പൊലീസ് അന്വേഷിച്ചു. വടക്കാഞ്ചേരിയിലെ തന്നെ സ്വകാര്യ പലചരക്കുകടയില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് അഞ്ചു ചാക്ക് ബിരിയാണി അരി കണ്ടെത്തി. 

ചാക്കുകളില്‍ പതിച്ചത് കമ്പനിയുടെ വ്യാജമുദ്രയാണെന്ന് പൊലീസ് കണ്ടെത്തി. റോസ് ബ്രാന്‍ഡ് ബിരിയാണി അരിയുടേതായിരുന്നു വ്യാജന്‍.  പീച്ചി വഴക്കുംപാറ സ്വദേശിയായ കൃഷ്ണകുമാണ് ഈ വ്യാജമുദ്ര നിര്‍മിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും പിടികൂടാനായിട്ടില്ല. പലചരക്ക് കടയുടമയ്ക്ക് ഇതു വ്യാജനാണെന്ന് അറിവില്ലായിരുന്നു. അതുക്കൊണ്ടുതന്നെ, ഉടമയെ പൊലീസ് പ്രതിചേര്‍ത്തില്ല.