കൊല്ലം കടവൂർ ജയൻ വധക്കേസിന്റെ വിധി മറ്റന്നാള്‍. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ അന്തിമവാദം പൂര്‍ത്തിയായി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍, സംഘടന വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയന്‍ 2012 ഫെബ്രുവരി 7നാണ് കൊല്ലപ്പെട്ടത്. കടവൂര്‍ ജംക്്്ഷന് സമീപം വെച്ച് പട്ടാപ്പകല്‍ ഒന്‍പതംഗ സംഘം ജയനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരായ വിനോദ്,ദിനരാജ്,രഞ്ജിത്ത്,ഷിജു,പ്രണവ്,ഗോപകുമാര്‍,ഹരി, പ്രിയരാജ്,സുബ്രഹ്മണ്യന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഒന്‍പതുപേര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. കീഴ്കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചു.
അന്തിമവാദം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ പൂര്‍ത്തിയായി. ഒന്നാം സാക്ഷി കള്ളസാക്ഷിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങൾ കൊലപാതകത്തിന് ഉപോഗിച്ചതല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അന്തിമവാദത്തിനു പ്രതികളുടെ സാന്നിധ്യം കോടതി ആവശ്യപ്പെട്ടിരുന്നില്ല. വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും.