പറമ്പിൽ നിന്നു ലഭിച്ച സ്റ്റീൽ പാത്രങ്ങൾ സ്ഫോടക വസ്തുവെന്നറിയാതെ ഉപേക്ഷിക്കാനായി കാറിൽ കൊണ്ടുപോയി പുഴയിൽ എറിഞ്ഞപ്പോൾ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായി. ആർക്കും പരുക്കില്ല. കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് ശുചിയാക്കുന്നതിനിടയിൽ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞത്. കൂടോത്രമെന്നു കരുതി പരിശോധിക്കാൻ തയാറാകാത്തതിനാൽ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ശബ്ദം കേട്ട് നാട്ടുകാർ കൂട്ടത്തോടെ പുഴയോരത്തെത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.മറ്റൊരു വീട്ടിലാണ് താമസം. പറമ്പ് വൃത്തിയാക്കുന്നതിടയിലാണ് പാത്രങ്ങൾ ശ്രദ്ധയിൽ പെട്ടത്. രണ്ട് സ്റ്റീൽ ബോംബുകളാണ് ലഭിച്ചത്. ചൊക്ലി എസ്ഐ കെ.സുഭാഷ് സ്ഥലത്തെത്തി.