ആലുവ നർകോട്ടിക് കൺട്രോൾ ഡിവൈ. എസ്.പി യുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം . ഡിവൈ.എസ്.പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയത്. പരാതിയെ തുടർന്ന് സൈബർ സെൽ അന്വേഷണം തുടങ്ങി.

 

ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോകളുമായാണ് ഡിവൈ.എസ്.പി മധു ബാബു രാഘവിന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ തട്ടിപ്പുകാർ ഒരുക്കിയത്. പിന്നാലെ ഡിവൈഎസ്പിയുടെ നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലെ  സമ്പന്നർക്കും പ്രൊഫഷണലുകൾക്കും സൗഹൃദംതേടി മെസേജും കിട്ടി. ഇതിൽ 100 ഓളം പേർ സൗഹൃദം പങ്കിട്ടു. പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ലഭിച്ച സൗഹൃദ സന്ദേശത്തെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് തന്റെ  പേരിൽ വ്യാജ അക്കൗണ്ടുള്ള വിവരം ഡി.വൈ.എസ്.പി  മധു ബാബു അറിയുന്നത്.

 

വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനാൽ ആരുടെയും പണം നഷ്ടപ്പെട്ടില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന് എട്ടു മാസത്തിനുള്ളിൽ ലഭിച്ചത് ഇരുന്നൂറ്റി അമ്പതോളം പരാതികളാണ് . യഥാർത്ഥ അക്കൗണ്ടിൽനിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് തയാറാക്കുന്നത്