vithura-murder-3

 

തിരുവനന്തപുരം വിതുരയില്‍ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടുടമ താജുദീനാണ് സുഹൃത്തായ മാധവനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വ്യാജചാരായം കുടിച്ചതിന്റെ പണം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

വിതുരയ്ക്ക് അടുത്തുള്ള മേമല സ്വദേശിയായ മാധവനെന്ന 55 കാരനാണ് കൊല്ലപ്പെട്ടത്. പേപ്പാറ റോഡില്‍ പട്ടന്‍കുളിച്ചപ്പാറ കോളനിയിലുള്ള താജുദീന്റെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മാധവന്റെ മൃതദേഹം. ദുര്‍ഗന്ധം വമിച്ചതിനേ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നോക്കിയപ്പോഴാണ് സംശയം തോന്നിയതും പൊലീസിനെ അറിയിച്ചതും. വിതുര ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലെ സംഘം നടത്തിയ അന്വേഷണത്തില്‍ ഒരു ദിവസത്തിനുള്ളില്‍ പ്രതിയായ താജുദീന്‍ പിടിയിലായി.

 

ശനിയാഴ്ച മൃതദേഹം കണ്ടെത്തിയതെങ്കിലും നാല് ദിവസം മുന്‍പ് ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. താജുദീന്‍ വീട്ടില്‍ ചാരായം വാറ്റാറുണ്ടായിരുന്നു. മാധവന്‍ ഇത് വാങ്ങി കഴിച്ചെങ്കിലും പണം നല്‍കാതിരുന്നത് തര്‍ക്കമായി. കമ്പ് കൊണ്ട് അടിച്ച വീഴ്ത്തിയ താജുദീന്‍ വായില്‍ തുണിതിരുകി ശ്വാസം മുട്ടിക്കുകയും ചെയ്തു. രണ്ട് ദിവസം മൃതദേഹം വീട്ടില്‍ വെറുതേയിട്ടിരുന്നു. പിന്നീട് അഴുകി തുടങ്ങിയതോടെയാണ് മുറിക്കുള്ളില്‍ കുഴിച്ചിട്ടത്. അതിന് ശേഷം വീടിന് സമീപത്തെ കാട്ടില്‍ ഒളിവില്‍ പോയ താജുദീനെ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്.