ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു. കോടതി നിര്‍ദേശ പ്രകാരം പൊലീസിന് മുന്നില്‍ ഹാജരായ ദിനേശനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
യൂട്യൂബര്‍ വിജയ് നായരുടെ പ്രതിഷേധത്തിനൊപ്പം തുടങ്ങിയതാണ് സംവിധായകന്‍ ശാന്തിവിള ദിനേശനെതിരായ കേസ്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നൂവെന്നായിരുന്നു ഭാഗ്യലക്ഷമിയുടെ പരാതി. ആദ്യ പരാതിയില്‍ മുന്‍കൂര്‍ ജാമ്യംലഭിച്ചതോടെ കൂടുതല്‍ തെളിവുകള്‍ സഹിതം വീണ്ടും പരാതി നല്‍കി. അതിലെ അന്വേഷണം സൈബര്‍ ക്രൈം പൊലീസിന് കൈമാറുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ ശാന്തിവിള ദിനേശന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിെലത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശപ്രകാരം ജാമ്യം നല്‍കി ഉടന്‍ വിട്ടയക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരും.