കൊല്ലം പുനലൂർ ചെമ്മന്തൂരിൽ യുവാവ് സുഹൃത്തിനെ നടുറോഡിൽ വെച്ച് വെട്ടിക്കൊന്നു. ആയിരം രൂപ കടം നൽകാത്തതാണ് പ്രകോപനത്തിന് കാരണം. മുരുകൻ കോവിൽ സ്വദേശി സനിലിനെ സുഹൃത്ത് സുരേഷ് വെട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സംസാരിച്ചുകൊണ്ടിരിക്കെ അരയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തികൊണ്ട് സനിലിനെ സുരേഷ് ഇങ്ങനെ വെട്ടുകയായിരുന്നു. ഒറ്റവെട്ടിന് തന്നെ യുവാവ് താഴെ വീണു. ഇതു കണ്ട് സമീപത്തുണ്ടായിരുന്നവർ വാഹനങ്ങളെടുത്ത് സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചോരവാർന്ന് റോഡിൽ കിടന്ന യുവാവിനെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊല്ലപ്പെട്ട സനലും പ്രതി സുരേഷും സുഹൃത്തുക്കളാണ്. ഇന്നലെ വെകുന്നേരം സുരേഷ് സനലിനോട് ആയിരം രൂപ കടം ചോദിച്ചു.
പണം നൽകാത്തതിനെ ചൊല്ലി വഴക്കുണ്ടായി. നാട്ടുകാർ ഇടപെട്ട് ഇരുവരെയും മടക്കി അയച്ചു. വെട്ടുകത്തിയുമായി മടങ്ങി എത്തിയ സുരേഷ്, സനലിനെ അടുത്തേക്ക് വിളിച്ചു വരുത്തി വെട്ടുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.