aswathi-prabha

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 'അശ്വതി അച്ചു' പിടിയിലായിരിക്കുകയാണ്. അശ്വതി ശ്രീകുമാർ എന്ന സ്ത്രീയാണ് ഇതിന് പിന്നിൽ. ശൂരനാട് പൊലീസാണ് ഇവരെ പിടികൂടിയത്. കൊച്ചി സ്വദേശിയായ പ്രഭ എന്ന യുവതിയുടെയും സഹോദരി രമ്യയുടെയും ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രഭയുടെ ഒറ്റയാൾ പോരാട്ടമാണ് ഇപ്പോൾ അശ്വതിയെ നിയമത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നത്. ആ പോരാട്ടത്തിന്റെ കഥയും ഇരയാക്കപ്പെട്ടത് എങ്ങനെയെന്നും പ്രഭ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുന്നു. 

ആ മുഖം ഞങ്ങളുടേതായിരുന്നു

2015 മുതൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നയാളാണ് ഞാൻ. അന്നുമുതൽ ഞാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആ ക്രമത്തില്‍ തന്നെയാണ് വ്യാജ ഐഡികളില്‍ അവരിട്ടിരിക്കുന്നത്. ഏഴോളം ഐഡികളാണ് അത്തരത്തിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഈ ഐഡികളിൽ നിന്ന് പലരുമായി ബന്ധപ്പെടുകയും ചാറ്റിങ്ങിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്തിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ഞാൻ എന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഇത് എന്റെ ചില സുഹൃത്തുക്കളെക്കൊണ്ട് ഷെയർ ചെയ്യിച്ചു. അങ്ങനെ ഒരു പോസ്റ്റിലാണ് എന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരാൾ കമന്റ് ചെയ്തത്. അവരോട് സംസാരിക്കുമ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അനുശ്രീ അനു, അശ്വതി അച്ചു തുടങ്ങിയ പേരുകളിലാണ് ഐഡികൾ. ചിലതിൽ എന്റെ ചേച്ചി രമ്യയുടെ ഫോട്ടോകളാണ് ഇട്ടിരിക്കുന്നത്. ചേച്ചി എനിക്ക് മുമ്പേതന്നെ ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ആളാണ്. 2015–ന് മുമ്പ് തന്നെ ഇവർ ഈ പരിപാടി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി. ചേച്ചിയുടെയും പിന്നീട് എന്റെയും ചിത്രങ്ങളുപയോഗിച്ച് നിരവധി ഐഡികൾ ഉണ്ടാക്കിയിട്ടുണ്ട്. ഫാമിലി ഫോട്ടോ വരെ എടുത്തുകൊണ്ട് പോയിട്ടുണ്ട്. 

വ്യാജമല്ലെന്ന് വിശ്വസിപ്പിക്കുന്ന തന്ത്രങ്ങൾ

വളരെ വിശ്വസനീയമായ രീതിയിൽ കൃത്യമായ ഇടവേളകളിലാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. കാണുന്നവർ ഇത് വ്യാജ ഐഡിയാണെന്ന് ഒരിക്കലും ധരിക്കില്ല. ഇവർ നന്നായി ക്ഷമയോടെ കാത്തിരുന്ന് ആൾക്കാരെ നന്നായി പഠിച്ചതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ചിലരോട് പ്രണയമാണെങ്കിൽ ചിലരോട് കഥന കഥകളൊക്കെ പറഞ്ഞാകും വലയിൽ വീഴ്ത്തുക. പിന്നീട് ബാങ്ക് അക്കൗണ്ട് കൈമാറി പണം തട്ടും. അശ്വതി അച്ചു എന്ന പേരിലാണ് കൂടുതൽ തട്ടിപ്പ്. പലരും ഈ സ്ത്രീയെ നേരിട്ട് കണ്ടിട്ടുണ്ട്. കാരണം ചാറ്റിലൂടെ പറയുക പണം വാങ്ങാൻ ബന്ധുവാണ് എത്തുക എന്നായിരിക്കും. എന്നിട്ട് ഇവർ തന്നെ എത്തി പണം വാങ്ങും. എന്തായാലും ഇതിനെല്ലാം പിന്നിൽ ഇവർ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പലതരം കഥകൾ മെനയാൻ ഇവർ മിടുക്കിയാണ്. പക്ഷേ സാങ്കേതികമായി ഇവർക്ക് വലിയ അറിവില്ല. അങ്ങനെ ഉള്ളവർ ബോട്ടീം എന്ന ആപ്പ് ഉപയോഗിച്ച് വിദേശത്ത് ഉള്ളവരുടെ അടുത്ത് തിന്ന് വരെ ലക്ഷങ്ങളോളം പണം തട്ടി. ഇവർക്ക് സാങ്കേതികമായ സഹായം മറ്റാരോ ആണ് നൽകുന്നത് എന്ന് ഉറപ്പാണ്. ഇവരുടെ തട്ടിപ്പ് ഞാൻ അറിഞ്ഞെന്ന് മനസ്സിലാക്കി ഇവർ എന്നെ പലതരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. 

സൈബർ സെല്‍ മുഖംതിരിച്ചു, ശൂരനാട് പൊലീസിന് കയ്യടി

ഇക്കാര്യം മനസ്സിലാക്കിയ ഞാൻ ആദ്യം സൈബർ സെല്ലിലാണ് പരാതിപ്പെട്ടത്. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ, വളരെ മോശം പ്രതികരണമാണ് അവിടെ നിന്ന് ലഭിച്ചത്. പരാതിയോട് അവർ മുഖംതിരിച്ചു. അവർ ചോദിക്കുന്നത് എന്തിനാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്നും പ്രൊഫൈൽ ലോക്ക് ചെയ്തൂടെ എന്നുമൊക്കെയാണ്. ആവശ്യക്കാർ ഞങ്ങളായതുകൊണ്ട് അതിനൊന്നും മറുപടി നൽകിയില്ല. അവർ പിന്നീട് കേസ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. അവിടെ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല. ബാങ്ക് അക്കൗണ്ടിൽ ശൂരനാട് ആണ് വിലാസം നല്‍കിയിരുന്നത്. അതുപ്രകാരം ശൂരനാട് പൊലീസിൽ ഞങ്ങൾ പിന്നീട് പരാതി കൊടുത്തതോടെയാണ് നടപടി വേഗത്തിലായത്. അവർ നാടുവിടുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ലോക്ഡൗണായിട്ടും സത്യവാങ്മൂലം എഴുതി കൊച്ചിയിൽ നിന്ന് ശൂരനാട്ടേക്ക് കാറിൽ തിരിച്ചു. സ്റ്റേഷനിലെത്തിയപ്പോഴേക്കും അവർ പ്രതിയെ പിടികൂടിയിരുന്നു. 

പോരാടാനുറച്ച് തന്നെ മുന്നോട്ട്

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് കേസ്. ഇപ്പോൾ അവരെ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്. എന്തായാലും ഇതാണ് സത്യാവസ്ഥയെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ സാധിച്ചല്ലോ. നമ്മുടെ സൈബർ സംവിധാനത്തിന്റെ തകരാറുകൊണ്ടാണ് ഇത്തരം കെണിയിൽ വീഴുന്നവർ അത് തുറന്നു പറയാൻ മടികാണിക്കുന്നത്. ഞാൻ എന്തായാലും ഇതിനെതിരെ പോരാടാൻ തന്നെ ഉറച്ചിരിക്കുകയാണ്. സധൈര്യം പ്രഭ പറയുന്നു.