gold-smuggling

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിൽ 99.85 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വർണം പിടികൂടി. ഇന്നലെ അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ടോയ്‌ലറ്റ് മാലിന്യത്തിൽ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള 2.12 കിലോ സ്വർണ മിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വേർതിരിച്ചപ്പോൾ 1887 ഗ്രാം സ്വർണമാണ് ലഭിച്ചത്.

2 കവറുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് ജോ.കമ്മിഷണർ എസ്.കിഷോർ, അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, അശോക് കുമാർ, സോനിദ് കുമാർ, ഗുർമീത് സിങ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.