മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിന്  പാലക്കാട് ചെർപ്പുളശ്ശേരിയിൽ യുവതി അറസ്റ്റിൽ. കരിമ്പുഴ സ്വദേശിനി രജിതയാണ് ചെർപ്പുളശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയായരജിതയുടെ ഭർത്താവ് സജിത് ഒളിവിലാണ്. അഞ്ച് പോലീസ് സ്‌റ്റേഷനുകളിലായി ഇരുവർക്കുമെതിരെ പതിനേഴ് സമാന കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

ഒന്നര വർഷമായി ശ്രീകൃഷ്ണപുരം ഷെഡും കുന്നിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി നോക്കുകയാണ് രജിത. ഇതിനിടയിലാണ് വ്യത്യസ്ത ഇടങ്ങളിൽ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ട് വർഷം മുൻപ് രജിത സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് പത്ത് പവൻ സ്വർണം പണയം വച്ച് തുക സ്വന്തമാക്കി. തിരിച്ചടവ് മുടങ്ങിയതിനൊപ്പം പണയമെടുക്കാൻ താമസിച്ചതോടെ  സ്ഥാപന ഉടമകൾ പരിശോധിച്ചു. ഇതോടെ മുക്കുപണ്ടമെന്ന് തെളിയുകയായിരുന്നു.പിന്നാലെ ചെർപ്പുളശ്ശേരി പോലീസിൽ പരാതി നൽകി.

സ്ഥാപനത്തിന് മൂന്ന്  ലക്ഷത്തോളം രൂപ നഷ്ടമായെന്ന് കാണിച്ച് മാനേജർ നൽകിയ പരാതിയിലാണ് സി.ഐ എം.സുജിത്ത് അന്വേഷണം  നടത്തിയത്. തുടർന്നാണ് രജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.അന്വേഷണത്തിൽ അറസ്റ്റിലായരജിതയ്ക്കും ഒളിവിലുളള ഭർത്താവ് സജിത്തിനും സമാനമായി ഒറ്റപ്പാലം, മണ്ണാർക്കാട്, പുതുനഗരം, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി പോലീസ് സ്‌റ്റേഷനുകളിലായി 17 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.ദമ്പതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും,ഒളിവിലുള്ള സജിതിനെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.