africandeath

 

ബെംഗളുരുവിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വിദേശപൗരൻ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കേസിൽ പ്രതിയായ ആഫ്രിക്കൻ വംശജൻ ജോൺ ജോയലാണ് മരിച്ചത്. വംശീയ കൊലപാതകമാണെന്ന് ആരോപിച്ച് ജെ. സി നഗർ പൊലീസ് സ്റ്റേഷന് മുന്നിൽ ആഫ്രിക്കൻ വംശജർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി.

 

ഞായറാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്ത ജോൺ ജോയൽ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. മരണകരണം ഹൃദയഘാതം എന്നാണ് ജോയലിന്റെ സുഹൃത്തുക്കളെ പൊലീസ് അറിയിച്ചത്. എന്നാൽ കസ്റ്റഡി മരണമാണെന്ന് ഇവർ ആരോപിക്കുന്നു. കൊങ്കൊ പൗരൻമാരുടെയും ആഫ്രിക്കൻ വംശജരുടെയും കൂട്ടായ്മ മണിക്കൂറുകളോളം ജെസി നഗർ പോലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ ലാത്തി വീശിയത്തോടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

 

ബെഞ്ചാര ലേഔട്ടിൽ ജോൺ ജോയൽ ഉൾപ്പെടെയുള്ള സംഘം ലഹരിമരുന്ന് വില്പന നടത്തുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു ജെ.സി നഗർ പോലീസ് എത്തിയത്. ജോയൽ ഒഴികെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. പിടിയിലായ ജോയലിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ്  പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിദ്യാർത്ഥി വിസയിലെത്തിയ ജോയൽ 2017 ൽ വിസാകാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.