അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം നേരെ പോയത് ഭർതൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റു ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞതുമില്ല.
ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കൈയിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും പ്രണയത്തിലായി. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്കു നൽകി.
ഇതിനിടെ, ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി. മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പണം നൽകിയാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് അതേക്കുറിച്ച് സംസാരിക്കാനെന്ന് വ്യാജേയനാണ് വിളിച്ചുവരുത്തിയത്.
ഒറ്റയ്ക്കെത്തണമെന്നാണ് ഷീബ അരുണിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി. എന്നാൽ സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.