maoist-santhosh-3

TAGS

മാവോയിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് മകന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ നിര്‍ധന കുടുംബം. അണ്ണാമലൈ അങ്കലാക്കുറിച്ചി അര്‍ജുനനും ഭാര്യ കലൈശെല്‍വിയുമാണ് ഏഴ് വര്‍ഷം മുന്‍പ് മാവോയിസ്റ്റായി മാറിയ മകന്‍ സന്തോഷിനായി കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയും വീട്ടിലെ അവസ്ഥയും മനസിലാക്കി മകന്‍ തിരികെയെത്തുമെന്നാണ് കുടുംബം കരുതുന്നത്. 

 

കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് ആര്‍ട്സ് കോളജില്‍ ബി.എസ്.സി ബയോ ടെക്നോളജി ഒന്നാം വര്‍ഷ പഠനത്തിനിടെയാണ് സന്തോഷ് നാടുവിട്ടത്. 2016 ല്‍ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചു. പഠനത്തോടൊപ്പം മറ്റൊരു തൊഴില്‍ തേടിയിറങ്ങിയ സന്തോഷിനെ മാവോയിസ്റ്റ് വേഷത്തില്‍ കേരള വനത്തില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെ സംഘടനയിലേക്കെത്തിച്ചതില്‍ തമിഴ്നാട് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗണപതി ഉള്‍പ്പെടെ പത്തിലധികമാളുകള്‍ക്കെതിരെ ഇപ്പോഴും കേസുണ്ട്. 2016 ല്‍ നിലമ്പൂര്‍ വനത്തില്‍ നിന്ന് കിട്ടിയ ഫോട്ടോയില്‍ സന്തോഷ് രാജ എന്ന പാര്‍ട്ടി പേരില്‍ കാടിനുള്ളിലും അടുത്തിടെ വയനാടിന്റെ വിവിധയിടങ്ങളിലെ കോളനികളിലും സന്തോഷിനെ കണ്ടതായി പൊലീസ് പറയുന്നു. 2021 വരെ പിടിയിലായ മാവോയിസ്റ്റുകളും പാര്‍ട്ടി രേഖകളും ഇതു ശരി വയ്ക്കുന്നുണ്ട്. നാടുകാണി ദളസജീവ പ്രവര്‍ത്തകനാണ് രാജ എന്ന സന്തോഷ്. മകന്റെ മടങ്ങിവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് അമ്മ കലൈശെല്‍വി. 

 

പൊലീസുകാരന്‍ ഗണപതിക്കെതിരായ കേസ് പിന്‍വലിക്കാന്‍ പരിചയമില്ലാത്ത പലരും വന്ന് ഭീഷണിപ്പെടുത്തുന്നതായി സന്തോഷിന്‍റെ മാതാപിതാക്കള്‍ പറയുന്നു. കേരള സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയും രാമു എന്ന കുടക് സ്വദേശി ലിജേഷിന്‍റെ കീഴടങ്ങലും സന്തോഷിനെ മാറ്റി ചിന്തിക്കാനിടയാക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. കീഴടങ്ങിയാല്‍ കേസുകളില്‍ വിട്ടു വീഴ്ചയും പുതിയ ജീവിതം സാഹചര്യം ഒരുക്കാനുള്ള സഹായവും നിലവിലെ അവസ്ഥയില്‍ സാധ്യമാകും.