അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതിന് പട്ടാമ്പി സ്വദേശി അറസ്റ്റില്‍. പട്ടാമ്പിയിലെ ആദംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തിപ്പുകാരന്‍ മിദ്‌ലാജിനെയാണ് പൊലീസ് പിടികൂടിയത്. അംഗീകാരമില്ലാത്ത സർവകലാശാലകളുടെ നിരവധി സർട്ടിഫിക്കേറ്റുകളും പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ ഹ്രസ്വ കാലയളവിൽ യു.ജി.സി, പി.എസ്.സി അംഗീകാരമുള്ള ബിരുദം നേടാമെന്ന് പരസ്യം നൽകിയാണ് വിദ്യാര്‍ഥികളെ ആകർഷിച്ചിരുന്നത്. അംഗീകാരമുള്ള ബിരുദമെന്ന് ആവര്‍ത്തിച്ച് വന്‍തുക ഫീസിനത്തിലും വാങ്ങിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും സംശയം തോന്നാത്ത മട്ടിലുള്ള സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. എന്നാല്‍ കൈയ്യിലുള്ളതിന് പേപ്പറിന്റെ വില പോലുമില്ലെന്ന പലരുടെയും തിരിച്ചറിവാണ് തട്ടിപ്പെന്ന സൂചന നല്‍കിയത്. 

 

വിദ്യാര്‍ഥികള്‍ പലരുടെയും രഹസ്യമായുള്ള അന്വേഷണത്തില്‍ സ്ഥാപനത്തിന് അംഗീകാരമില്ലെന്നും നിരവധിയാളുകള്‍ കബളിപ്പിക്കപ്പെട്ടതായും വ്യക്തമായി. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിലെ പൊലീസ് പരിശോധനയില്‍ ഇല്ലാത്ത സര്‍വകലാശാലയുടെ പേരില്‍ തയാറാക്കിയ നിരവധി സര്‍ട്ടിഫിക്കേറ്റുകള്‍ കണ്ടെത്തി. മിദ്‌ലാജിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കേറ്റ് തയാറാക്കി വ്യാജ സീല്‍ പതിപ്പിച്ച് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. തട്ടിപ്പില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ മിദ്‌ലാജിനെ റിമാന്‍ഡ് ചെയ്തു.