ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിനോട് രൂപസാദൃശ്യത്തിലുള്ളയാള്‍ നെടുമ്പാശേരിയിൽ ഉണ്ടെന്ന് പറഞ്ഞ് കത്ത്. രാഹുലിന്റെ അമ്മ മിനിക്കാണ് കത്ത് കിട്ടിയത്. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി. മൂന്നു ദിവസം മുൻപാണ് ആലപ്പുഴ പൂന്തോപ്പ് വാർഡിൽ രാഹുൽ നിവാസിലേക്ക് കത്ത് വന്നത്. കാണാതായ രാഹുലിന്റെ അമ്മ മിനിയുടെ പേരിലായിരുന്നു കത്ത്. മുംബൈയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിനിയായ വസുന്ധര ദേവിയാണ് കത്തയച്ചത്. രാഹുലിന്റെ രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടിട്ടുണ്ടെന്നായിരുന്നു കത്തിൽ. 

 

കാണാതായ പിതാവിനെ തിരക്കി എത്തിയ മലയാളി കുട്ടിയെക്കുറിച്ച് നേരത്തെ മുംബൈയിലെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. രാഹുലിന്റെ പിതാവിന്റെ മരണവിവരം മാധ്യമങ്ങളിൽ കണ്ടപ്പോൾ ഇക്കാര്യം ഓർത്താണ് കത്തയച്ചത്. രാഹുലിനെപ്പോലെ തോന്നിക്കുന്ന കുട്ടി നെടുമ്പാശേരിയിൽ ഉണ്ടെന്നും മുംബൈയിൽ നിന്ന് കത്തയച്ച സ്ത്രീ രാഹുലിന്റെ അമ്മയോട് പറഞ്ഞിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാണാതായ രാഹുലിന്റെ അമ്മ മിനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

 

രാഹുലിന്റെ അമ്മയുടെ പരാതി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കാണാതായി എതാനും മാസം കഴിഞ്ഞപ്പോൾ രാഹുൽ മുംബൈയിൽ ഉണ്ടെന്ന് പറഞ്ഞ് ഫോൺ സന്ദേശം വന്നിരുന്നു. അന്ന് രാഹുലിന്റെ പിതാവ് രാജു അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. 2005 മെയ് 18 നാണ് രാഹുലിനെ കാണാതായത്. കാണാതാകുമ്പോൾ അഞ്ച് വയസായിരുന്നു പ്രായം. രാഹുലിന്റെ രൂപസാദൃശ്യമുണ്ടെന്ന് പറയപ്പെടുന്നയാൾക്ക് ഇപ്പോൾ 23 വയസ് പ്രായം തോന്നിക്കുമെന്നാണ് കത്തയച്ച സ്ത്രീ പറയുന്നത്.