renjith-angola-2

 

മൂന്ന് മാസമായി ആഫ്രിക്കയിലെ അംഗോളയിലെ ജയിലില്‍ കഴിയുന്ന യുവാവിനെ മോചിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കുടുംബം. സ്വകാര്യ കമ്പനിയിലെ വെയര്‍ഹൗസ് മാനേജരായ പാലക്കാട് പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് രവിയാണ് തടങ്കലിലുള്ളത്. ചെയ്യാത്ത െതറ്റിന് തന്നെ ബോധപൂര്‍വം ജയിലില്‍ അടച്ചിരിക്കുകയാണെന്നും മതിയായ ഭക്ഷണം പോലും കിട്ടുന്നില്ലെന്നും രഞ്ജിത്ത് അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. രണ്ടായിരത്തി ഇരുപതിലാണ് കമ്പനിയുമായുള്ള രണ്ട് വര്‍ഷത്തെ കരാറില്‍ രഞ്ജിത്ത് അംഗോളയിലെത്തിയത്. 

 

കഴിഞ്ഞവര്‍ഷം അവധിക്ക് അപേക്ഷിച്ചപ്പോള്‍ കമ്പനി നിഷേധിച്ചു. ഇതെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കൂടിക്കാഴ്ചയ്ക്കെന്ന് പറഞ്ഞ് കമ്പനി അധികൃതര്‍ കൊണ്ടുപോകുകയും ഫോണും രേഖകളും കൈവശപ്പെടുത്തി തടങ്കലില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. പിന്നീട് ജയിലിലേക്ക് മാറ്റി. അസുഖബാധിതനാണെന്നും ജയിലിലും പീഡനം തുടരുന്നതായും രഞ്ജിത്ത് വീട്ടുകാര്‍ക്ക് അയച്ച വീഡിയോയിലുണ്ട്. 

 

കമ്പനിയുടെ സ്റ്റോക്കില്‍ തിരിമറി കാണിച്ചെന്ന വ്യാജ പരാതിയിലാണ് മകനെ ജയിലില്‍ അടച്ചതെന്നാണ് മാതാപിതാക്കളുടെ ആക്ഷേപം. ആഴ്ചയിലേക്ക് രണ്ട് തവണ വീട്ടിലേക്ക് വിളിക്കാനുള്ള അനുമതി മാത്രമാണുള്ളത്. കുറ്റം ചെയ്തെന്ന് ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും മകന്‍ തെറ്റുകാരനല്ലെന്നും അമ്മ. ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. രഞ്ജിത്തിന്റെ മടങ്ങിവരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് അമ്മയും അച്ഛനും സഹോദരിയും.