കർണാടകയിലെ സുള്ള്യയിൽ പത്തൊമ്പതുകാരനായ മലയാളി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദാണ് മരിച്ചത്. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് മസൂദും പ്രതികളിലൊരാളായ സുധീറും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനായി സുധീർ , മസൂദിനെ വിഷ്ണുനഗരിയെന്ന പ്രദേശത്തേക്ക് വിളിച്ചുവരുത്തി. പിന്നീട് സുധീറിനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം മസൂദിനെ സംഘം ചേർന്ന് ആക്രമിച്ചു.
പൊട്ടിയ കുപ്പി ഉപയോഗിച്ച് മസൂദിന സംഘത്തിലൊരാൾ കുത്തിയെന്നും പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മസൂദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കർണാടക ബെല്ലാരെ പൊലീസ് സുള്ള്യ സ്വദേശികളായ എട്ട് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് മസൂദ് ജോലി ആവശ്യത്തിനായി കഴിഞ്ഞ കുറച്ചുനാളുകളായി സുള്ള്യയിലെ ബന്ധു വീട്ടിൽ താമസിച്ചു വരികയായിരുന്നു.