കാഞ്ഞിരപ്പള്ളിയിൽ ലോട്ടറി ടിക്കറ്റിലെ അവസാന അക്കങ്ങൾ തിരുത്തി സമ്മാനാർഹമായ ടിക്കറ്റ് എന്ന് തെറ്റിധരിപ്പിച്ച് പണം തട്ടുന്നതായി പരാതി. കാഴ്ച കുറവുള്ളവരും ഭിന്നശേഷിക്കാരുമായ ലോട്ടറി വിൽപ്പന ക്കാരാണ് തട്ടിപ്പിന് ഇരയാവുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ലോട്ടറി ജീവനക്കാർ പറയുന്നു.

 

അവസാന നാല് അക്കങ്ങളിൽ ചെറിയ തിരുത്ത് വരുത്തിയാണ് 2000 മുതൽ 5000 വരെ സമ്മാനാർഹമായ ടിക്കറ്റ് എന്ന് തെറ്റിധരിപ്പിച്ച് പണം തട്ടുന്നത്.വഴിയരുകിൽ വിൽപ്പന നടത്തുന്ന ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാർ ഇങ്ങനെ പറ്റിക്കപ്പെടുന്നത്  പൊൻകുന്നം, കാഞ്ഞിരപ്പള്ളി, ചിറക്കടവ് മേഖലകളിൽ പതിവായിരിക്കുകയാണ് . കഴിഞ്ഞ തിങ്കളാഴ്ച  ഇളങ്ങുളം സ്വദേശിയായ ബാലൻ എന്ന വായോധികനെ കബളിപ്പിച്ച് 1000 രൂപ തട്ടിയെടുത്തു.   1926 ൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കായിരുന്നു 2000 രൂപ സമ്മാനം. തട്ടിപ്പുകാരന്റെ കയ്യിൽ ഉണ്ടായിരുന്നത്  4926 ൽ അവസാനിക്കുന്ന ടിക്കറ്റും.4 എന്ന അക്കത്തിന്റെ വശങ്ങൾ ചുരണ്ടി മാറ്റി 1 ആയി തോന്നിക്കും വിധമാക്കിയാണ് തട്ടിപ്പ്. കറുത്ത ബുള്ളറ്റിലെത്തിയ അജ്ഞാതൻ  സമ്മാനാർഹമായ ലോട്ടറി എന്ന് പറഞ്ഞ് നമ്പർ തിരുത്തിയ ലോട്ടറി ബാലന് നൽകി

 

കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നം ,ചിറകടവ് പ്രദേശങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു.അന്ന്  ഏജൻസികളുടെ സീൽ ഉൾപ്പെടെയുള്ള ടിക്കറ്റാണ് തട്ടിപ്പിന് ഉപയോഗിച്ചത്.എന്നാൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടന്നിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.