mantri-arrest

ബെംഗളുരു നഗരത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് കുംഭകോണക്കേസില്‍ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ മന്ത്രി ഡെവലപ്പേഴ്സിന്റെ എം.ഡി. സുശീല്‍മന്ത്രി അറസ്റ്റില്‍. പണം വാങ്ങിയതിനു ശേഷം ഫ്ലാറ്റ് നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ ബെംഗളുരു പൊലീസിന്റെ സിഐഡി വിഭാഗമാണു സുശീലിനെ പിടികൂടിയത്. ഫ്ലാറ്റ് നല്‍കാമെന്നു വാഗ്ദാനം നല്‍കി 1000 കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ജൂണ്‍ 25നു സുശീലിനെ എന്‍ഫോഴ്സ്െമന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരു നഗരത്തിലെ അമ്പതു ശതമാനം ഫ്ലാറ്റുകളും നിര്‍മിച്ചവരെന്നു അവകാശപ്പെടുന്ന വമ്പന്‍ ഗ്രൂപ്പാണ് മന്ത്രി ഡവലപ്പേഴ്സ്. 

 

ഒരുകാലത്ത് അതിവേഗം വളരുന്ന ഐ.ടി. നഗരത്തിന്റെ മുഖമായിരുന്നു മന്ത്രി ഡവലപ്പേഴ്സ്. ഫ്ലാറ്റുകളും വില്ലകളും മാളുകളുമായി  നഗരത്തില്‍ എവിടെ തിരിഞ്ഞാലും കമ്പനിയുടെ കെട്ടിടങ്ങള്‍. പേരും പ്രശസ്തിയുമേറിയതോടെ കെട്ടിടനിര്‍മാണത്തില്‍ നിന്നും കമ്പനി കള്ളപ്പണം വെളുപ്പിക്കലിലേക്കു ചുവടുമാറിയതാണു കുരുക്കായത്. മുന്‍കൂട്ടി പണം വാങ്ങിയതിനു ശേഷം ഫ്ലാറ്റുകള്‍ കൈമാറിയില്ലെന്ന പരാതി ഉയര്‍ന്നു. ഇതുവരെ ആയിരത്തിനടത്തുപേരാണ് പരാതി നല്‍കിയത്. പണം തിരികെ നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടെങ്കിലും കമ്പനി അനുസരിച്ചിരുന്നില്ല. തുടര്‍ന്ന് ജൂണ്‍ 25നു കമ്പനി ഉടമ സുശീല്‍ മന്ത്രിയെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഫ്ലാറ്റ് നല്‍കാമെന്നു പറഞ്ഞു പിരിച്ചെടുത്ത 1000 കോടി രൂപ വകമാറ്റി ചിലവഴിച്ചെന്നു കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും സ്ഥിരീകരിച്ചതോടെ കമ്പനിയുടെ 300 കോടി മരവിപ്പിച്ചു. 

 

ഈകേസില്‍ പുറത്തിറങ്ങിയതിനു പിറകെയാണു ബെംഗളുരു പൊലീസിന്റെ സിഐഡി വിഭാഗം സുശീലിനെ അറസ്റ്റ് ചെയ്തത്. വഞ്ചന,കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ സുശീലിനെ തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തു. അതേ സമയം ഒരുകോടിയും അതിനു മുകളിലും നല്‍കി ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഫ്ലാറ്റു കിട്ടാത്ത നിരവധിപേരാണു പരാതികളുമായി ഓഫിസുകള്‍ കയറി ഇറങ്ങുന്നത്