ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നു. തൃശൂര്‍ കേച്ചേരിയ്ക്കു സമീപം പട്ടിക്കരയിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. അച്ഛനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ റിപ്പോർട്ട് കാണാം.
ഇരുപത്തിയെട്ടുകാരനായ സഹദാണ് കൊല്ലപ്പെട്ടത്. തലേന്നുതന്നെ ഡീസല്‍ വാങ്ങി വീട്ടില്‍ സുലൈമാന്‍ സൂക്ഷിച്ചിരുന്നു. മകന്റെ ദേഹത്തൊഴിച്ച ശേഷം തീ കൊളുത്തി. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച സുലൈമാനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. ഭിന്നശേഷിക്കാരനായ മകനെ പരിപാലിക്കുന്നതിലെ പ്രയാസമാണ് കൊലയ്ക്കു കാരണം. സുലൈമാന് രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. സുലൈമാന്റെ ഭാര്യ വീട്ടുജോലിയെടുത്താണ് കുടുംബം കഴിയുന്നത്. മകനെ ഒഴിവാക്കാന്‍ കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ബാഗ് നിര്‍മാണ ജോലികളാണ് പ്രതി ചെയ്തിരുന്നത്. ഇപ്പോള്‍ കുറച്ചുകാലമായി പണിയില്ല. സഹദിന് ഇരുപത്തിയെട്ടു വയസായിരുന്നു. സുലൈമാനാകട്ടെ അന്‍പത്തിരണ്ടും. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.