തൂത്തുക്കുടി വെടിവെയ്പ്പില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു ഉദ്യോഗസ്ഥരെ തമിഴ്നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണര്‍ അടക്കം നാലുപൊലീസുകാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരുണാ ജഗദീഷന്‍ കമ്മിഷന്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഐ.ജിയും കലക്ടറുമടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറിയുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെ തെരുവിലിറങ്ങിയ നിരായുധരായ 13 സാധാരണക്കാരെയാണു പൊലീസ് വെടിവച്ചുകൊന്നത്. 2018 മേയ് 22നായിരുന്നു തമിഴ്നാടിനെ നടുക്കിയ വെടിവെയ്പ്പ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരുണാ ജഗദീഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് മൂന്നുദിവസം മുന്‍പ് നിയമസഭയുടെ മേശപ്പുറത്തു വച്ചിരുന്നു. കമ്മിഷന്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണു തമിഴ്നാട് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. 

 

വെടിവയ്പ്പ് നടക്കുമ്പോള്‍ തൂത്തുക്കുടി ഇന്‍സ്പെക്ടറായിരുന്ന  തിരുമലൈ, പൊലീസുകാരായ ചുടലക്കണ്ണ്, ശങ്കർ,സതീഷ് എന്നിവരെയാണ് ഡിജിപി ശൈലേന്ദ്രബാബു സസ്പെൻഡു ചെയ്തത്. മൂന്ന് തഹസിൽദാർമാർക്കെതിരെയും വകുപ്പുതല നടപടി തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സഭയെ അറിയിച്ചിരുന്നു. പിറകെയാണ് സസ്പെന്‍ഷന്‍ ഉത്തരവുകളിറങ്ങിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടിക്കു ശുപാര്‍ശ ചെയ്ത അന്നത്തെ ദക്ഷിണമേഖലാ ഐ.ജി ശൈലേഷ് കുമാര്‍ യാദവ്, ഡി.ഐ.ജി. കപില്‍കുമാര്‍ സി. സരത്കര്‍, എസ്.പി.വി.മഹേന്ദ്രന്‍, തൂത്തുക്കുടി കലക്ടറായിരുന്ന എന്‍.വെങ്കിടേഷ് എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. ദീപാവലിക്കു ശേഷം മുതിര്‍ന്ന ഐ.എ.എസ്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല ശിക്ഷാനടപടികള്‍ ഉണ്ടാവുമെന്നാണു സൂചന. 

 

Tamil Nadu government has suspended four officials found guilty in the Thoothukudi firing