വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചതിന് എതിരെ പരാതി നൽകിയ വിരോധത്തില്‍ അയല്‍ക്കാരന്‍ വീടും വാഹനവും അടിച്ചു തകര്‍ത്തെന്ന് പരാതി. തിരുവല്ല കുറ്റൂരിലാണ് സംഭവം. പ്രതികളുടെ സ്വാധീനം മൂലം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. വീട്ടിലേക്കുള്ള വഴിയുടെ പേരില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശികളായ രാജു ഭാസ്കറും ഭാര്യാ സഹോദരനും അയൽവാസിയുമായ രാജ് മോഹനും തമ്മിൽ വർഷങ്ങളായി തര്‍ക്കത്തിലാണ്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ കഴിഞ്ഞ 19നു തിരുവല്ല കോടതി തളളി. അപ്പീലിനായി രാജു ഭാസ്ക്കര്‍ തൊട്ടടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കി. ഇതിനിടെ, രാജ് മോഹന്‍- തര്‍ക്കത്തിലുളള ഭൂമിയില്‍ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് വഴി അടച്ചു. ഇതിനെതിരെ രാജു ഭാസ്ക്കര്‍ പൊലീസില്‍ പരാതി നല്‍കിയ രാത്രിയാണ് വീടും വാഹനവും ആക്രമിക്കപ്പെട്ടത്.
കാര്‍ തല്ലി തകര്‍ത്തു. അടുക്കള, കിടപ്പുമുറി എന്നിവയുടെ ജനല്‍ ചില്ലുകളും തകര്‍ത്ത നിലയിലാണ്. ഭീഷണിയും അക്രമവും ഭയന്ന് ഒാതറയിലുളള ബന്ധുവീട്ടിലാണ് നിലവില്‍ രാജുവിന്റെ താമസം. വീട്ടിലേക്ക് പോകാന്‍ ഭയമാണെന്ന് രാജു പറയുന്നു. പലവട്ടം പറഞ്ഞിട്ടും പൊലീസ് ഇടപെടുന്നില്ല എന്നാണ് രാജുവിന്‍റെ ആക്ഷേപം. അതേസമയം, വീടും കാറും അക്രമിച്ച സംഭവവുമായി യാതൊരു ബന്ധമില്ലെന്ന്- സമീപവാസികൂടിയായ രാജ് മോഹന്‍ പറയുന്നു.
Thiruvalla Kuttoor house attack complaint