പാലക്കാട് ചിറ്റൂർ ഗോവിന്ദാപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്ത കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. ആട്ടയാംപതി തെക്കേ കോളനിയിൽ ദീപയെ കൊലപ്പെടുത്തിയതിനാണ് ഭർത്താവ് വിനുവിനെ മണ്ണാർക്കാട് കോടതി ശിക്ഷിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെത്തുടർന്ന് ഇളയ കുഞ്ഞിന്റെ മുന്നിൽ വച്ച് വിനു കൊലപാതകം നടത്തിയെന്നാണ് കേസ്.
വ്യത്യസ്ത സമുദായത്തിൽപ്പെട്ട ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ആദ്യം മുതൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് ദീപയെ വിനു മർദിക്കുന്നത് പതിവായിരുന്നു. തുടർന്ന് ദീപയുമായി വിനു പിണങ്ങി. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വേറൊരു വീട്ടിൽ താമസം തുടങ്ങി. 2014 ഡിസംബർ പതിമൂന്നിന് രാവിലെയായിരുന്നു കൊലപാതകം. മൂത്ത കുഞ്ഞിനെ സ്കൂളിലാക്കി വീട്ടിലേക്ക് തിരികെ വരുകയായിരുന്ന ദീപയെ ഒളിച്ച് നിന്ന വിനു വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. ഇളയ കുഞ്ഞിന്റെ മുന്നിലായിരുന്നു ആക്രമണം. ദീപയുടെ തലയിലും കഴുത്തിലുമായി പതിനൊന്ന് വെട്ടുണ്ടായിരുന്നു.
സാരമായി പരുക്കേറ്റ ദീപയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് വിനുവിന് അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ദീപയുടെ ഇളയ കുഞ്ഞ് തന്നെയായിരുന്നു പ്രധാന സാക്ഷി. ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപയുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിനുവിന് ശിക്ഷ വിധിച്ചത്. കൊലക്കയറാണ് നൽകേണ്ടിയിരുന്നതെന്നും ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്നും ദീപയുടെ പിതാവ്. ശിക്ഷാവിധിക്ക് പിന്നാലെ വിനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
wife killed: Husband sentenced to life imprisonment