mk-functionary-caught-abusi

തമിഴ്നാട് ഈറോഡില്‍ ക്ഷേത്രപ്രവേശത്തിനെത്തിയ ദളിത് യുവാവിനെയും പിതാവിനെയും ഡി.എം.കെ നേതാവ് ഭീഷണിപ്പെടുത്തി ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‍. എന്തു ധൈര്യത്തിലാണു ക്ഷേത്രത്തില്‍ കയറാനെത്തിയതെന്നും അടിച്ചുപല്ലുകൊഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ  നേതാവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ഡി.എം.കെ പുറത്താക്കി. എന്നാല്‍ ആരും  പരാതി നല്‍കാന്‍ തയാറാവാത്തതിനെ തുടര്‍ന്നു പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

 

സാമൂഹിക നീതിക്കും ജാതിവേര്‍തിരിവുകള്‍ക്കുമെതിരെ പോരാടുന്ന ഡി.എം.കെയുടെ യഥാര്‍ഥ മുഖമെന്ന കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളാണിത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സേലം തിരുമംഗലഗിരിയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു 19കാരനായ ദളിത് യുവാവും അച്ഛനും. വണ്ണിയ സമുദായം പരിപാലിക്കുന്ന ക്ഷേത്രത്തിനു മുന്നില്‍ വച്ചു ഡി.എം.കെ. സേലം സൗത്ത് യൂണിറ്റ് സെക്രട്ടറിയും പ്രാദേശിക നേതാവുമായ മാണിക്യം യുവാവിനെ തടഞ്ഞു. എന്തു ധൈര്യത്തിലാണു ഇവിടേക്കു വന്നതെന്നു ചോദിച്ചായിരുന്നു തുടക്കം. അതിസാമര്‍ഥ്യം കാണിക്കേണ്ടന്നും തന്റെ ഗ്രാമത്തില്‍ നിന്നുള്ള  ആരും ക്ഷേത്രത്തിലേക്കു വരേണ്ടതില്ലെന്നും മാണിക്യം പറയുന്നു. ഇതാവര്‍ത്തിച്ചാല്‍ യുവാവിന്റെയും അച്ഛന്റെയും പല്ല് തല്ലിക്കൊഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ ഡി.എം.കെ പ്രതിരോധത്തിലായി. നടപടി ആവശ്യപ്പെട്ടു ബി.ജെ.പി രംഗത്തെത്തി. ഇതോടെ മാണിക്യത്തെ പാര്‍ട്ടിയില്‍ നിന്നു ഡി.എം.കെ പുറത്താക്കി. അതേ സമയം മദ്യപിച്ചിരുന്നതിനാലാണ് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് മാണിക്യം വിശദീകരിച്ചു. ജാതി വിളിച്ചുള്ള അധിക്ഷേപത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

 

DMK functionary, caught on camera verbally abusing a Dalit youth for entering a temple.