TAGS

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ ക്രൂരമായി മർദിച്ചു. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണു മർദനമേറ്റത്. ഗൂഗിൾ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനമെന്നാണു പരാതി. 

 

കഴിഞ്ഞദിവസം വൈകീട്ടായിരുന്നു പെട്രോൾ പമ്പിന് മുന്നിലെ ആക്രമണം. ഇന്ധനം നിറയ്ക്കാനെത്തിയ യുവാവും അഷറഫുമായി തർക്കമുണ്ടായി. ഇന്ധനം നിറച്ച തുക ഗൂഗിൾ പേ വഴി നൽകിയത് സ്ഥിരീകരിക്കാൻ വൈകിയതാണ് പ്രകോപന കാരണമായത്. പമ്പ് ജീവനക്കാരനോട് കയർത്ത് സംസാരിച്ച ശേഷം യുവാവ് മടങ്ങി. ഒരു മണിക്കൂറിനുള്ളിൽ കൂടുതൽ യുവാക്കളുമായി വീണ്ടും പമ്പിലെത്തി. അഷറഫിനെ പുറത്തേക്കിറക്കി ആക്രമിക്കുകയായിരുന്നു. സഹ ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ പിമ്മാറാൻ കൂട്ടാക്കിയില്ല. പരുക്കേറ്റ അഷറഫ് ആശുപത്രിയിൽ ചികിൽസ തേടി. സിസിടിവി ദൃശ്യങ്ങളിലുള്ള യുവാക്കളെ തിരിച്ചറിഞ്ഞതായി ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പരിശോധിക്കും.