jain-monk

കര്‍ണാടകയിലെ ബെളഗാവിയില്‍ ദിഗംബര ജൈന സന്യാസിയെ കൊന്ന് കഷങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി. ബെളഗാവി നന്ദിപർവത് ജൈന മഠത്തിന്റെ അധിപനായ കാമകുമാര നന്ദി മഹാരാജയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു മഠത്തിനു സമീപം താമസിക്കുന്ന രണ്ടുപേരാണ് ആയിരക്കണക്കിന് അനുയായികളുള്ള മഠാധിപതിയെ കൊന്നുതള്ളിയത്. കൊലപാതകം രാഷ്ട്രീയ വിവാദമായതോടെ കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര മഠത്തില്‍ നേരിട്ടെത്തി വിശദമായ അന്വേഷണം ഉറപ്പുനല്‍കി. എന്നാല്‍ അന്വേഷണം സിബിഐയ്ക്കു കൈമാറില്ലെന്നും പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

 

വ്യാഴാഴ്ചയാണു  നന്ദിപര്‍വത് ജൈന ആശ്രമത്തിലെ മഠാധിപതി കാമകുമാര നന്ദി മഹാരാജയെ കാണാതാവുന്നത്. രാത്രിധ്യാനത്തിന് എത്താത്തതിനെ തുടര്‍ന്ന് അന്തേവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും മഠത്തില്‍ ഉണ്ടായിരുന്നില്ല. പിറകെ വിശ്വാസികള്‍ പൊലീസില്‍ പരാതി നല്‍കി. മഠത്തില്‍ സ്ഥിരമായി എത്തുന്ന ചിലരുമായി സന്യാസിക്കു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന സൂചനകളും പരാതികളിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഠത്തിനു സമീപം താമസിക്കുന്ന  നാരായൺ മാലി, ഹസൻ ദലായത്  എന്നിവരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ക്രൂരകൊലപാതകം പുറത്തായത്. മഠത്തിന്റെ പണം നന്ദിമഹാരാജ നാരായണന് കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ ചോദിച്ചു ബുദ്ധിമുട്ടിച്ചതോടെ കൊന്നുവെന്നു ഇയാള്‍ മൊഴിനല്‍കി. ഹസന്‍ ദലായതിന്റെ സഹായത്തോടെയാണ് കൊലയെന്നും മൊഴി നല്‍കിയെങ്കിലും മൃതദഹേം കണ്ടെടുക്കാനായില്ല. ഇരുവരും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. അതിനിടെ ഇന്നലെ ഉച്ചയോടെ മഠത്തിന് സമീപമുള്ള വയലിലെ കുഴല്‍ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. കമ്പി കുത്തിയിറക്കിയുള്ള പരിശോധനയില്‍ ചെറു കഷ്ണങ്ങളാക്കി നുറുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. പിന്നീട് മണ്ണുമാന്തിയന്ത്രമെത്തിച്ചു   മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 

 

സന്യാസിയുടെ കൊലപാതകികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു ബെളഗാവി ചിക്കോടിയില്‍ ജൈനമത വിശ്വാസികള്‍ വന്‍പ്രതിഷേധം ഉയര്‍ത്തു. തൊട്ടുപിറകെ ബിജെപി വിഷയം ഏറ്റുപിടിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധതയാണു കൊലയിലേക്കു നയിച്ചതെന്നാണു ബിജെപി, സംഘപരിവാര്‍ ആരോപണം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. കൊലപാതകം രാഷ്ട്രീയവിവാദമായതോടെ ആഭ്യന്തരവകുപ്പ് മന്ത്രി ജി പരമേശ്വര ആശ്രമത്തിലെത്തി നിലവിലെ മേധാവിയെ നേരിട്ട് കണ്ടു. കൊലപാതകത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും, എല്ലാ നിയമസഹായങ്ങളും നൽകുമെന്നും ഉറപ്പുനല്‍കി.