ലഹരിമരുന്ന് പിടികൂടുന്നതിന് പെരുമ്പാവൂരും ആലുവയിലും പൊലീസിന്റെ പ്രത്യേക പരിശോധന. പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു.  അതിനിടെ അമേരിക്കയിൽ നിന്നെത്തിയ കൊറിയറിൽനിന്ന്‌ 123 എൽഎസ്ഡി സ്റ്റാംപുകൾ കൊച്ചിയിൽ പിടികൂടി. സ്റ്റാംപുകള്‍ക്ക് പുറമെ മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങളും  ലഹരിമരുന്ന് വിറ്റ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപയും പൊലീസ് കണ്ടെടുത്തു. ഇത് കൂടാതെ രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകളും പിടികൂടി. സംഭവത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 

 

ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെ പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1.41 ഗ്രാം വരുന്ന സ്‌റ്റാമ്പുകളാണ്‌ കൊച്ചിയിലെ കസ്റ്റംസ്‌ സ്‌പെഷൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സംഘം പിടിച്ചെടുത്തത്‌. കൊറിയർ കൈപ്പറ്റാനെത്തിയ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ അറസ്റ്റ് ചെയ്‌തു. ബിടെക് ബിരുദധാരിയായ ഇയാൾ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

 

കൊച്ചി സ്വദേശിയുടെ പേരിലാണ്  ലഹരിമരുന്ന് എത്തിയത്. ഓഗസ്റ്റ് 31 ന് അമേരിക്കയിൽ നിന്നയച്ച കൊറിയർ ശനിയാഴ്‌ചയാണ്‌ ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൊറിയർ കൈപ്പറ്റാനെത്തിയ ചന്തുവിനെ ഇന്റലിജൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 Police registered 10 drugs Aluva and perumbavur