TAGS

തമിഴ്നാട്ടിലെ കമ്പത്ത് ആനക്കൊമ്പുകളുമായി ഇടുക്കി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. സെന്‍ട്രല്‍‌ വൈല്‍ഡ‍് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് മൂന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു..

 

ഇടുക്കി കടശിക്കടവ്  സ്വദേശി മുകേഷ് കണ്ണന്‍, തേനി കൂടല്ലൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നിവരെയാണ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. കമ്പം–കുമളി റോഡില്‍ വാഹനപരിശോധനക്കിടെ പ്രതികള്‍ ആനക്കൊമ്പുകളുമായി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ചെന്നുപെടുകയായിരുന്നു. കര്‍ണാടക റജിസ്ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിളില്‍ ചാക്കില്‍ കെട്ടിയായിരുന്നു ആനക്കൊമ്പ് കടത്ത്.. കണ്ടെത്തിയ കൊമ്പുകളില്‍ രണ്ടെണ്ണം വലുതും ഒന്ന് ചെറുതുമാണ്.  വില്‍പനക്കായി കൊമ്പുകള്‍ കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. കമ്പം ഈസ്റ്റ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് പ്രതികളെ ചോദ്യം ചെയ്തത്. 

 

തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊമ്പുകളുമായി പ്രതികള്‍ വലയിലായത്. കൂടുതല്‍ കണ്ണികള്‍ ആനക്കൊമ്പുകടത്തിന് പിന്നിലുണ്ടോയെന്ന് അറിയാന്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

 

Ivory case; two arrested