ഒറ്റപ്പാലത്ത് ഓൺലൈൻ വായ്പാ തട്ടിപ്പു സംബന്ധിച്ചുള്ള പരാതികളുടെ എണ്ണം കൂടുന്നു. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിച്ച പരാതികൾ പരിഗണിച്ച് ഒറ്റപ്പാലം പൊലീസ് പത്ത് കേസുകളാണു റജിസ്റ്റർ ചെയ്തത്. 

5000 മുതൽ 10 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളും ആപ്പുകളും വിശ്വസിച്ച് പണം കൈമാറിയവരാണ് പരാതിക്കാരിൽ ഏറെയും. നിശ്ചിത സംഖ്യ വായ്പയായി നൽകാമെന്നും ഇതിന്റെ പ്രാരംഭ നടപടികൾക്ക് ആദ്യം കുറച്ചു പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. സമൂഹ മാധ്യമങ്ങൾ വഴി കൈമാറുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിശ്ചിത സംഖ്യ നിക്ഷേപിച്ചാൽ തുക മൂന്നിരട്ടിയായി മടക്കി നൽകാമെന്ന വാഗ്ദാനങ്ങളിൽ വീണവരും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. 

ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി പ്രോസസിങ് ഫീസ് എന്ന പേരിൽ 60,000 രൂപ തട്ടിയെടുത്ത കേസും ഇതിൽ ഉൾപ്പെടും. പണം കൈമാറി ഒരു ഘട്ടം കഴിയുമ്പോൾ നേരത്തെ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകൾ നിശ്ചലമാകുന്നതാണു തട്ടിപ്പുകളുടെ പൊതുസ്വഭാവം. അതേസമയം, അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണു പൊലീസ്.

 

Ottapalam online cheating cases