പത്തനംതിട്ട കോന്നി ഊട്ടുപാറയിൽ അനുമതി ഇല്ലാതെ മരം മുറിച്ച ഭൂവുടമയ്ക്കെതിരെ വനം വകുപ്പിന്റെ കേസ്. വനം വളർച്ചാ പ്രോത്സാഹന നിയമപ്രകാരം വിഞ്ജാപനം ചെയ്യപ്പെട്ടയിടത്ത് 10 ഇനം മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് സ്ഥലമുടമ മങ്ങാരം സ്വദേശി വിമോദിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പിതാവ് റോയ് ടി മാത്യൂ രണ്ടാം പ്രതിയാണ്. വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ബീറ്റ് ഫോറസ്റ്റ്  ഓഫീസര്‍ മുഹമ്മദ് ബിലാലിനെ പമ്പയിലേക്ക് സ്ഥലം മാറ്റി. 

 

അനുമതി ഇല്ലാതെ തേക്കുമരങ്ങൾ മുറിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 78 തേക്കുമരങ്ങൾ മുറിച്ചതായി കണ്ടെത്തിയത്. സ്ഥലം ഉടമ വിമോദിനെ ചോദ്യം ചെയ്തതിൽ നിന്നും മരം മുറിക്കാനുള്ള അനുമതി എടുത്തിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് വനം വളർച്ചാ പ്രോത്സാഹന നിയമം ലംഘിച്ചതിന് നടുവത്തുംമുഴി ഫോറസ്റ്റ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ വിമോദ് ഒന്നാം പ്രതിയും, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റിന്റെ പിതാവും മരം വെട്ടുകാരനുമായ റോയ് ടി മാത്യു രണ്ടാം പ്രതിയുമാണ്. നിയമത്തെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് മരം മുറിച്ചതെന്ന് സ്ഥലം ഉടമ വിമോദ്.

 

ഫോറസ്റ്റ് ആക്ട് പ്രകാരമുള്ള ഏഴു വകുപ്പുകളാണ് വിമോദിനെതിരെ ചുമത്തിരിക്കുന്നത്. മുഴി റേഞ്ച് ഓഫീസർ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും തുടർനടപടികൾ.

 

Konni illegal tree felling case