വീടുകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പാലക്കാട് തൃത്താലയില്‍ അറസ്റ്റില്‍. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി മുസ്തഫ, തൃത്താല സ്വദേശി വിഷ്ണു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുപത്തി എട്ട് ഗ്രാമിലധികം മെത്താഫിറ്റമിനും കഞ്ചാവ് പൊതിയും കണ്ടെടുത്തു.
പട്ടാമ്പി, തൃത്താല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തിയിരുന്നവരാണ് പിടിയിലായത്. അതിഥി തൊഴിലാളികളും സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുമായിരുന്നു പ്രധാന ഇടപാടുകാര്‍. ബെംഗലൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന ലഹരി മൊത്തമായി വീടുകളില്‍ സൂക്ഷിക്കും. ഫോണില്‍ ഇടപാടുറപ്പിക്കുന്നവര്‍ക്ക് വാഹനത്തില്‍ നേരിട്ടെത്തി കൈമാറും. ലഹരിയുെട വിലയ്ക്കൊപ്പം വാഹന വാടക കൂടി നല്‍കണമെന്ന് മാത്രം.
24.1 ഗ്രാം മെത്താഫിറ്റമിനും 21.4 ഗ്രാം കഞ്ചാവുമാണ് മുസ്തഫയിൽ നിന്നും കണ്ടെത്തിയത്. മുസ്തഫ നേരത്തെയും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4.1 ഗ്രാം മെത്താഫിറ്റമിനാണ് വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്നത്. വിഷ്ണുവാണ് പതിവായി വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറിയിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയിലേറെ നിരീക്ഷിച്ചാണ് യുവാക്കളെ കുടുക്കിയത്.
Thrithala theft arrest