ഇടവേളക്ക് ശേഷം ഇടുക്കി മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. മറയൂർ പത്തടി പാലം കോളനിയിൽ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം മോഷ്ടാക്കൾ വെട്ടി കടത്തി. എത്രയും പെട്ടന്ന് മോഷണ സംഘത്തെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പത്തടി പാലം കോളനിയിലെ മൊയ്തീന്റെ വീട്ടുമുറ്റത്ത് നിന്ന ചന്ദനമരമാണ് രാത്രിയിലെത്തിയ മോഷ്ടാക്കൾ വെട്ടിക്കടത്തിയത്. സംഭവസമയത്ത് മൊയ്തീൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രദേശത്ത് എട്ടോളം നായകൾ ഉണ്ടെങ്കിലും മോഷണം നടന്നപ്പോൾ ഇവ ശബ്ദമുണ്ടാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നിലധികം ആളുകൾ മോഷണ സംഘത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം
വെട്ടിക്കടത്തിയ ചന്ദനത്തിന് മൂന്ന് ലക്ഷം രൂപ മതിപ്പ് വരുമെന്നാണ് വീട്ടുടമ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോളനി കേന്ദ്രികരിച്ചു 20 ഓളം മോഷണമാണ് നടന്നത്. ബഹളം കേട്ട് വാതിൽ തുറന്നവരെ മോഷ്ടാക്കൾ ആക്രമിക്കുകയും ചെയ്തു. മോഷ്ടാക്കൾ വീണ്ടും എത്തിയതിന്റെ ആശങ്കയിലാണ് പ്രദേശ വാസികൾ
Marayoor sandal theft