ganja-case

കോഴിഫാമിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പട്ടാമ്പി മുതുതലയിലാണ് ബംഗാള്‍ സ്വദേശികളായ അനാറുള്‍, ഭാര്യ സഞ്ചിതയും എക്സൈസിന്റെ പിടിയിലായത്. അനുമതിയില്ലാതെ പ്രവർത്തിച്ച ഫാം അടച്ച് പൂട്ടാൻ മുതുതല ഗ്രാമപഞ്ചായത്ത് നിർദേശം നൽകി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കൂകി വിളിച്ച് കോഴികള്‍ വളരും. ഒപ്പം കഞ്ചാവ് വില്‍പനയും കൊഴുക്കും. പുറമേ കാണുന്നവര്‍ക്ക് യാതൊരു സംശയവുമുണ്ടാവില്ല. ഈ സാഹചര്യമാണ് അനാറുളും സഞ്ചിതയും മുതലെടുത്തത്. കോഴി വാങ്ങാനെന്ന വ്യാജേന എത്തിയിരുന്നവര്‍ക്ക് ആവശ്യം ലഹരിയായിരുന്നു. ലാഭക്കൊതി കാരണം ദമ്പതികള്‍ക്ക് ലഹരിക്ക് മീതെ കോഴിക്കച്ചവടം വെറും ഇടവിള മാത്രമായിരുന്നു. എക്സൈസിന്റെ പരിശോധനയില്‍ കോഴിത്തീറ്റ ചാക്കിലൊളിപ്പിച്ചിരുന്ന രണ്ട് കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുതുതലയിലെ റബർ എസ്റ്റേറ്റിനുള്ളിലാണ് കോഴി ഫാം പ്രവര്‍ത്തിക്കുന്നത്. ആറുമാസമായി ദമ്പതികൾ ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു. കോഴി ഫാമിന് ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടാൻ മുതുതല ഗ്രാമപഞ്ചായത്ത് നിർദേശം നൽകി. 

 

പട്ടാമ്പി എക്‌സൈസ്‌ ഇൻസ്‌പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍ നടപടിയും. ദമ്പതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.