കൊല്ലം ചടയമംഗലം പോരേടത്ത് വീട്ടിലേക്കുളള വഴി ഇല്ലാതാക്കുകയും ഗൃഹനാഥനെ ആക്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏറെ നാളായി വഴിയെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു
പോരേടം തെരുവിൽ ഭാഗം സ്വദേശി കമലാസനനെ ആക്രമിക്കുകയും വീട്ടിലേക്കുളള വഴി ഇല്ലാതാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. വേളമാനൂർ സ്വദേശി ശ്യംസുധൻ, കട്ടച്ചൽ സ്വദേശി സുനിൽകുമാർ എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് അര്‍ധരാത്രിയാണ് കേസിനാസ്പദമായത് നടന്നത്. മണ്ണുമാന്തിയന്ത്രവുമായി എത്തിയ അഞ്ചംഗ സംഘം കമലാസനന്റെ വീട്ടിലേക്കുളള കോണ്‍ക്രീറ്റ് വഴി പൊളിച്ചു നീക്കി. തടയാനെത്തിയ കമലാസനനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിലേക്ക് തളളിയിട്ടു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. ഇവിടെയുളള വഴിയെ ചൊല്ലി ഏറെ നാളായി തര്‍ക്കം നിലനില്‌ക്കുകയാണെന്നും ഇതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഒളിവിലുളള മൂന്നു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്
Two arrested they attacked family