പഴയ ഇരുമ്പ് സാധനങ്ങളുടെ വ്യാപാരം സംബന്ധിച്ച ഇടപാടിന്റെ പേരിൽ മൂന്നര കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായ് , ഭർത്താവ് കെ.സി.കണ്ണൻ എന്നിവരെയാണു പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘം പിടികൂടിയത്.
ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരാതി പ്രകാരമാണ് അറസ്‌റ്റ്. പഴയ ഇരുമ്പ് ഉൽപന്നങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്തു 3.51 കോടി രൂപ കൈക്കലാക്കിയെന്നാണു കേസെന്നു പൊലീസ് അറിയിച്ചു. സ്ക്രാപ്പും പണവും ലഭിക്കാതായതോടെയാണ് ആന്ധ്ര സ്വദേശികൾ കഴിഞ്ഞ വർഷം നവംബറിൽ പരാതിയുമായി പട്ടാമ്പി പൊലീസിനെ സമീപിച്ചത്. പിന്നീട് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ബാങ്ക് വഴിയായിരുന്നു പണമിടപാടെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.എ.അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Couples arrested at pattambi