uduppi-murder

മംഗളുരു ഉഡുപ്പിയില്‍ വീട്ടമ്മയയെയും മൂന്നുമക്കളെയും വീട്ടില്‍ കയറി കുത്തിക്കൊന്നതു പ്രണയപ്പക മൂലമെന്നു കുറ്റപത്രം. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകളായ എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് അയ്നാസ് ബന്ധത്തില്‍ നിന്നു പിന്‍മാറിയതാണു കൂട്ടക്കൊലയ്ക്ക് കാരണമെന്ന് ഉഡുപ്പി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അയ്നാസിന്റെ സഹപ്രവര്‍ത്തകനായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി അരുണ്‍ ചഗ്ലയാണ് കേസിലെ പ്രതി. നവംബര്‍ 15 ദീപാവലി ദിവസമായിരുന്നു കര്‍ണാടകയെ നടുക്കിയ കൂട്ടക്കൊല 

ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ഉയര്‍ത്തിയ കൂട്ടക്കൊലയായിരുന്നു ഉഡുപ്പി മാല്‍പയിലേത്. പട്ടാപകല്‍ വീട്ടിലേക്ക് ഓടിക്കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടമ്മയെയും മൂന്നു മക്കളെയും കുത്തിമലര്‍ത്തിയതു സംബന്ധിച്ചു പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. കൊലപാതകം നടന്നു 90 ദിവസം ആകുന്ന സാഹചര്യത്തിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലപ്പെട്ട അയ്നാസും പ്രതി അരുണ്‍ ചഗ്ലയും സഹപ്രവര്‍ത്തകരായിരുന്നു. ഭാര്യയും മക്കളുമുള്ള അരുണ്‍ ചഗ്ല അയ്നാസുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇയാളുടെ കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായി. ഇക്കാര്യം മനസിലാക്കിയ അയ്നാസ് അരുണുമായി അകലം പാലിച്ചു.ഖത്തറില്‍ ജോലി ചെയ്യുന്ന മുന്‍കാമുകനെ വിവാഹം കഴിക്കാന്‍ പോകുന്നതായും അയ്നാസ് അരുണിനെ അറിയിച്ചു. ഇതില്‍ ക്രുദ്ധനായിട്ടായിരുന്നു നാലുപേരെയും കുത്തിക്കൊന്നത്. 

സമൂഹമാധ്യമ അക്കൗണ്ടിലെ ചാറ്റിലൂടെ വീടും പരിസരവും കൃത്യമായി മനസിലാക്കിയ പ്രതി മൊബൈല്‍ഫോണ്‍ എയറോപ്ലെയിന്‍ മോഡിലിട്ട് മുന്നൊരുക്കളെടുത്താണു കൊലയ്ക്കായി വീട്ടിലെത്തി. അയ്നാസ് അമ്മ ഹസീന, സഹോദരങ്ങളായ,അഫ്നാൻ, അസീം എന്നിവരെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ടെന്നും 15 മിനിറ്റിനുള്ളില്‍ കുറ്റപത്രത്തില്‍ പറയുന്നു. അയ്നാസിനെ മാത്രം ലക്ഷ്യമിട്ടാണ് എത്തിയതെന്നും ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചതോടെയാണു ബാക്കി മൂന്നുപേരെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. നവംബര്‍ 15നു രാവിലെയാണ് ഉഡുപ്പി മാല്‍പെ തൃപ്തി ലൈനിലെ നൂര്‍മുഹമ്മദിന്റെ വീട്ടില്‍  അതിക്രൂരമായ കൂട്ടക്കൊല നടന്നത്.

Murder of Udupi air hostess and family: Charge sheet filed against lone accused