devaswom-vaikom-21

 

വൈക്കത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിന്ന് ജീവനക്കാരൻ 16 ലക്ഷത്തിനടുത്ത് രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വടയാർ ഇളംങ്കാവ് സബ് ഗ്രൂപ്പ് ഓഫിസർ വിഷ്ണു കെ ബാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തട്ടിയെടുത്ത തുകയും പലിശയുമടക്കം 25 ലക്ഷത്തോളം രൂപ ഇയാൾ അടക്കണമെന്നാണ്  ദേവസ്വം ബോർഡ് ഉത്തരവ്. ഇയാളുടെ കീഴിലുള്ളതും മുമ്പ് ചുമതല ഉണ്ടായിരുന്നതുമായ  മറ്റ് നാല് ക്ഷേത്രങ്ങളിലെ പരിശോധന ദേവസ്വം ബോർഡ് തുടരുകയാണ്..

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇളംങ്കാവ് സബ്ഗ്രൂപ്പ് ഓഫിസറായ വിഷ്ണു തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രചുമതലയുള്ളപ്പോൾ 15 ലക്ഷത്തി എൺപത്തി അയ്യായിരം രൂപയാണ്  തട്ടിയെടുത്തത്. 2019-22 കാലയളവിൽ തട്ടിയെടുത്ത തുകയുടെ പലിശയടക്കം 24 ലക്ഷത്തിലധികം രൂപ അടക്കണമെന്നാണ ദേവസ്വം ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. തട്ടിയെടുത്തതിൽ 15 ലക്ഷം കഴിഞ്ഞ ദിവസം മടക്കി നൽകിയിട്ടുണ്ട്. തിരുപുരം ക്ഷേത്രത്തിൽ നടത്തിയ  വൻ തട്ടിപ്പ് കഴിഞ്ഞ മാസം നടത്തിയ ഓഡിറ്റിംഗിലാണ്  ദേവസ്വം ബോർഡ് കണ്ടെത്തിയത്. 

 

തട്ടിപ്പ് നടത്തിയ വിഷ്ണു ഇടതുപക്ഷ ദേവസ്വം ജീവനക്കാരുടെ സംഘടന അംഗമാണ്. നിശ്ചിത കാലയളവിനുള്ളിൽ പണമിടമിടപാടുകൾ പരിശോധിക്കണ മെന്ന മാനദണ്ഡം പാലിക്കാത്തതാണ് ജീവനക്കാരന് ലക്ഷങ്ങൾ തട്ടാൻ കളമൊരുക്കിയതെന്നാണ് ആക്ഷേപം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമാന തട്ടിപ്പ് നടത്തിയതിന്റെ പേരിൽ നടപടി നേരിട്ടയാളാണ് വിഷ്ണു.

 

vaikom temple staff suspended