കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിതീഷിനെയും രണ്ടാം പ്രതി വിഷ്ണുവിനെയും കാക്കട്ട് കടയിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുത്തു. തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. പ്രതികൾ പരസ്പരം പഴിചാരി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിതീഷിനെ ആദ്യം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ചികിൽസയിൽ ആയിരുന്നതിനാൽ വിജയന്റെ മകൻ വിഷ്ണുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നുച്ചയോടെയാണ് ഇരുവരെയും കാക്കട്ട് കടയിലെ വീട്ടിൽ എത്തിച്ചത്. 

കൊലപാതകം നടന്ന രീതി വിഷ്ണു പൊലീസിനോട് വിവരിച്ചു. വീട്ടിൽ ഭക്ഷണസാധനങ്ങൾ ഇല്ലാത്തിരുന്നതിന്റെ പേരിൽ നിതീഷും വിജയനും തമ്മിൽ തർക്കമുണ്ടായി. ജോലിക്ക് പോയി കഴിക്കാൻ വല്ലതും കൊണ്ടു വരണമെന്നും ആവശ്യപെട്ടതിൽ പ്രകോപിതനായ നിതീഷ് വിജയനെ ആക്രമിക്കുന്നു. ഷർട്ടിൽ കൂട്ടിപ്പിടിച്ച് വിജയനെ തറയിലേക്ക് വലിച്ചിട്ട നിതീഷ് ചുറ്റിക കൊണ്ട് ആക്രമിക്കുന്നു. തലയുടെ വശത്ത് അടികൊണ്ട് വിജയൻ നിലവിളിച്ച് ബോധരഹിതനായി. പിന്നാലെ കട്ടപ്പനയിൽ നിന്നും നിതീഷ് ഓട്ടോ വിളിച്ച് എത്തിയപ്പോഴേക്കും വിജയൻ മരിച്ചിരുന്നു. വിജയന്റെ മൃതദേഹം കസേരയിൽ കയറ്റിയിരുത്തിയ നിതീഷ് വീടിന്റെ ഒരു മുറിയിൽ മൂന്നരയടിയോളം വലിപ്പത്തിൽ കുഴിയെടുത്തു. പിന്നിട് മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കസേരയോടെ തട്ടി കുഴിയിലിട്ടു. ശേഷം കസേരയെടുത്ത് മാറ്റി തൂമ്പയും കമ്പിയും ഉപയോഗിച്ച് മൃതദേഹം കുഴിയിൽ ഇടിച്ചൊതുക്കി. മര്യാദയ്ക്ക് തന്റെ കൂടെ നിന്നില്ലെങ്കിൽ ഇതായിരിക്കും നിന്റെയും ഗതി എന്ന് നിതീഷ് ഭീഷണിപ്പെടുത്തിയതായി തെളിവെടുപ്പിനിടെ വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞു. 

ഇനി മൂന്നാം പ്രതിയായ സുമയെയും മകളെയും തെളിവെടുപ്പിനായി വീട്ടിൽ എത്തിക്കുമെന്നാണ് വിവരം. ഇവരുടെയെല്ലാം മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ നാലുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Kattapana Murder case