kallara-attack-to-family

സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം വഴിചോദിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ അതിക്രമിച്ച് കയറി രണ്ടംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം. തിരുവനന്തപുരം കല്ലറയിലാണ് അമ്മയും പെണ്‍കുട്ടികളുമടങ്ങിയ സംഘം അതിക്രമത്തിന് ഇരയായത്. ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും മുഖ്യപ്രതിയെ പിടികൂടാതെ പൊലീസും അനാസ്ഥ തുടരുന്നു.

 

ഗുണ്ടാവിളയാട്ടത്തിന്റെ എണ്ണമറ്റ വാര്‍ത്തകളുടെ കൂട്ടത്തില്‍ പട്ടാപ്പകല്‍ റോഡിലിറങ്ങിയ അമ്മയും കുട്ടികളും േനരിട്ട അതിക്രമത്തിന്റെ മറ്റൊരു അനുഭവം കൂടി. നിലമേല്‍ സ്വദേശിയായ അമ്മയും രണ്ട് പെണ്‍മക്കളും ബന്ധുവായ യുവാവിനൊപ്പം ശനിയാഴ്ച നെടുമങ്ങാടിനടുത്ത് കല്ലറയിലെത്തി. വിദേശത്തുള്ള ഭര്‍ത്താവ് പറഞ്ഞ മേല്‍വിലാസം അന്വേഷിച്ചായിരുന്നു യാത്ര. കല്ലറയില്‍ നിര്‍ത്തി രണ്ടുപേരോട് വഴി അന്വേഷിച്ചു. പിന്നീട് നടന്നത് അഴിഞ്ഞാട്ടത്തിന്റെ നിമിഷങ്ങള്‍.

കല്ലറ സ്വദേശികളായ സുമേഷും രാജീവുമാണ് അതിക്രമം കാട്ടിയത്. കാറിനുള്ളില്‍ അതിക്രമിച്ച് കയറി അവര്‍ ചീത്തവിളിച്ചതിന്റെ തെളിവായി കാറിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ ശബ്ദം. പതിനഞ്ച് മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷം നാട്ടുകാര്‍ കൂടിയതോടെയാണ് ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയത്. തൊട്ടുപിന്നാലെ ദൃശ്യങ്ങളും ശബ്ദങ്ങളും സഹിതം പൊലീസില്‍ പരാതി നല്‍കി. രാജീവിനെ പിടികൂടിയെങ്കിലും മുഖ്യപ്രതിയായ സുമേഷിനെ നാല് ദിവസം കഴിഞ്ഞിട്ടും പിടിച്ചിട്ടില്ല.