Shashi-Tharoor-addresses-a-

ശശി തരൂരിന്‍റെ ഓഫിസ് ജീവനക്കാരൻ ശിവ്കുമാർ പ്രസാദ് അടക്കം രണ്ടുപേർ സ്വർണക്കടത്തിൽ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്ന് എത്തിയയാളാണ് 500 ഗ്രാം സ്വർണം ശിവ് കുമാർ പ്രസാദിന് കൈമാറിയത്. എം.പിയുടെ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള എയറോഡ്രോം എൻട്രി പെർമിറ്റുമായാണ് ശിവ്കുമാര്‍ എത്തിയിരുന്നത് എന്ന് കസ്റ്റംസ് അറിയിച്ചു. എന്നാല്‍ ശിവ്കുമാർ തന്‍റെ മുന്‍ജീവനക്കാരനാണെന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് ജോലിയില്‍ തുടരുന്നതെന്നും ശശിതരൂര്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യം സ്വർണ്ണക്കള്ളക്കടത്തുകാരുടെ സഖ്യമാണെന്ന് കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖർ  പരിഹസിച്ചു.

 

ഇന്നലെ രാത്രിയാണ് ശശി തരൂരിന്‍റെ സ്റ്റാഫംഗം ശിവ് കുമാർ പ്രസാദ് അടക്കം രണ്ട് പേരെ കസ്റ്റംസ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസ് സംബന്ധിച്ച് കസ്റ്റംസ് പറയുന്നത് ഇങ്ങനെയാണ്. ഒരു യാത്രക്കാരൻ വഴി ബാങ്കോക്കിൽ നിന്ന് കടത്തിയ 500 ഗ്രാം സ്വർണം ശിവ പ്രസാദ് കുമാർ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റി. എം.പി സ്റ്റാഫ് ടീമിനുള്ള എയറോഡ്രോം എൻട്രി പെർമിറ്റുമായി അറൈവൽ ഹാളിനുള്ളിൽ എത്തിയാണ് സ്വർണം കൈപറ്റിയത്. പിടിച്ചെടുത്ത സ്വർണം 35.22 ലക്ഷം രൂപയുടേതാണെന്നും കസ്റ്റംസ് അറിയിച്ചു. 

അതേസമയം ശിവ് കുമാർ പ്രസാദ് ഓഫീസിലെ മുൻ ജീവനക്കാരനും നിലവിൽ പാർട്ട് ടൈം ആയി വിമാനത്താവള സംബന്ധമായ കാര്യങ്ങളില്‍ സഹായിക്കുന്ന ആളുമാണെന്ന് ശശി തരൂർ വിശദീകരിച്ചു. 72 വയസുകാരനായ ശിവ്കുമാര്‍ വ്യക്ക രോഗിയുമാണ് ശിവ് കുമാർ പ്രസാദ് എന്നും തരൂർ എക്സിൽ കുറിച്ചു. വാർത്ത ഞെട്ടിച്ചെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും തരൂര്‍. എന്നാൽ  മുഖ്യമന്ത്രിയുടെ സെക്രട്ടറിയും  കോൺഗ്രസ് എം.പിയുടെ പിഎയും സ്വർണ്ണ കടത്തിൽ അറസ്റ്റിലായി എന്നും ഇന്ത്യ സഖ്യം സ്വർണ്ണ കള്ളക്കടത്തുകാരുടെ സഖ്യമാണെന്നും കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖർ  പരിഹസിച്ചു.