TOPICS COVERED

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച കള്ളനെ പ്രതിരോധിച്ച് യുവതി. പോത്തന്‍കോട് സ്വദേശി അശ്വതിയാണ് സ്കൂട്ടറില്‍ രക്ഷപെടാന്‍ ശ്രമിച്ച കള്ളനെ തടഞ്ഞ് നിര്‍ത്തി വലിച്ച് താഴെയിട്ടത്. ഇതോടെ നാട്ടുകാര്‍ എത്തി പിടികൂടിയതോടെ കള്ളന്‍ പൊലീസിന്റെ പിടിയിലും മാല അശ്വതിയുടെ കയ്യിലുമായി.

മാല പൊട്ടിച്ച് സ്കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ച കള്ളനെ പിടികൂടുന്നതിനിടെ അശ്വതിയും കള്ളനും കൂടി റോഡില്‍ വീഴുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ശനിയാഴ്ച വൈകിട്ട് അശ്വതിയും അമ്മയും കൂടി വഴിയരികില്‍ നില്‍ക്കുന്നതിനിടെയാണ് ചേങ്കോട്ടുകോണം സ്വദേശിയായ അനില്‍കുമാര്‍ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. സ്കൂട്ടറിലെത്തി അശ്വതിയുടെ കഴുത്തിലെ മാലയില്‍ പിടിച്ചുവലിക്കുകയായിരുന്നു. പതറുകയോ പേടിക്കുകയോ ചെയ്യാതിരുന്ന അശ്വതി ഞൊടിയിടയില്‍ അനില്‍കുമാറിന്റെ ഷര്‍ട്ടിലും സ്കൂട്ടറിലും പിടികൂടി. സ്കൂട്ടര്‍ ഓടിച്ച് പോകാന്‍ ശ്രമിച്ചിട്ടും പിടിവിടാതിരുന്നതോടെ രണ്ടുപേരും റോഡില്‍ വീണു.

നാട്ടുകാര്‍ പിടികൂടിയ അനില്‍കുമാറിന്റെ കയ്യില്‍ നിന്ന് മൂന്ന് പവന്റെ മാല തിരികെ കിട്ടി. പിടിവലിക്കിടെ വീണ് അശ്വതിക്ക് പരുക്കേറ്റു. 

ENGLISH SUMMARY:

Trivandrum chain snatching case