TOPICS COVERED

കൊച്ചി വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ചത് ബന്ധു ക്വട്ടേഷന്‍ നല്‍കിയ സം‌ഘം.  മർദനമേറ്റ ജയയയുടെ അടുത്ത ബന്ധു പ്രിയങ്ക, വിഥുൻ ദേവ് എന്നിവരാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നുള്ള വഴിത്തർക്കത്തിലാണ് ജയയ്ക്കെതിരെ ബന്ധുക്കൾ ക്വട്ടേഷൻ കൊടുത്തത്. മർദനമേറ്റ ഓട്ടോ ഡ്രൈവർ ജയയുടെ അച്ഛന്റെ സഹോദരിയുടെ മകൾ പ്രിയങ്കയും ഭർത്താവ് സജീഷും ചേർന്നാണ് ക്വട്ടേഷൻ കൊടുത്തത്. കുടുംബ വഴക്കിനെ തുടർന്നുള്ള വഴി തർക്കമാണ് ആക്രമണത്തിന് കാരണം. 

അറസ്റ്റിലായ പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഒളിവിലാണ്. ജയയെ മർദിച്ച ക്വട്ടേഷൻ സംഘ അംഗങ്ങളും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുമായാണെന്ന്  പോലീസ് പറഞ്ഞു. കൊലപാതക ശ്രമം, പിടിച്ചു പറി, മോഷണം ഉൾപ്പടെയുള്ള വകുപ്പുകളാണ്  പിടിയിലായവർക്ക് എതിരെ ചുമത്തിയത്.  അറസ്റ്റിലായ വിഥുൻ ദേവ് ആണ് ക്വട്ടേഷൻ സംഘത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത്. 

ജയയെ ആക്രമിക്കാനുള്ള രണ്ടാമത്തെ പരിശ്രമമാണ് ഫലം കണ്ടത്. ആദ്യ ദിനം ഓട്ടോ സവാരിക്കായി പ്രതികൾ കാത്തു നിന്നെങ്കിലും ജയ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നില്ല. തുടർന്നാണ് തൊട്ടടുത്ത ദിവസം നേരത്തെ തന്നെ സവാരി വിളിക്കുകയും രാത്രി ആകുന്നത് വരെ നഗരത്തിന്റെ പല ഭാഗങ്ങളിലും കറങ്ങിയതും. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വൈപ്പിൻ കുഴിപ്പിള്ളി ബീച്ചിൽ മർദനമേറ്റ നിലയിൽ ജയയെ കണ്ടത്. ഗുരുതരമായി പരുക്കേറ്റ ജയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.